വയനാട് മാതൃകാ ടൗണ്‍ഷിപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി. വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലുകളിലെ ദുരിതബാധിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും മാതൃകാ ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിനുമായുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച വിശദമായ ഉത്തരവാണ് പുറത്തിറക്കിയത്.
632 കോടി രൂപയ്ക്ക് പദ്ധതി നടത്തിപ്പ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെയാണ് ഏല്‍പ്പി ച്ചിരിക്കുന്നത്.
ടൗണ്‍ഷിപ്പുകളില്‍ അനുവദിക്കേണ്ട പ്ലോട്ടുകളുടെ വിസ്തീര്‍ണം സംബന്ധിച്ച് പദ്ധതി നടത്തിപ്പിന്‍റെ ആസൂത്രണ ഏജന്‍സിയായ കിഫ്‌കോണ്‍ നല്‍കിയ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. കല്‍പ്പറ്റയിലെ ടൗണ്‍ഷിപ്പില്‍ അഞ്ച് സെന്‍റ് പ്ലോട്ടുകളും നെടുമ്ബാലയില്‍ 10 സെന്‍റ് പ്ലോട്ടുകളും എന്ന ശിപാര്‍ശയായിരുന്നു കിഫ്‌കോണ്‍ നല്‍കിയിരുന്നത്.
രണ്ടിടത്തും 10 സെന്‍റ് ഭൂമി അനുവദിക്കണമെന്നു പ്രതിപക്ഷനേതാവും പ്രതിപക്ഷ എംഎല്‍എമാരും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ തള്ളി. കല്‍പറ്റയില്‍ 467, നെടുമ്ബാലയില്‍ 266 എന്നിങ്ങനെ പാര്‍പ്പിട യൂണിറ്റുകള്‍ നിര്‍മിക്കാന്‍ 632 കോടി രൂപയോളം വരും.
ടൗണ്‍ഷിപ്പില്‍ താത്പര്യമില്ലാത്ത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു 15 ലക്ഷം രൂപയോടെ അല്ലെങ്കില്‍ അവരുടെ താത്പര്യപ്രകാരം വനമേഖലയോടു ചേര്‍ന്ന് അരുവിയുടെയോ തോടിന്‍റെയോ സമീപത്ത് ഭൂമി അനുവദിക്കും.