ന്യൂഡല്‍ഹി: 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ നിലവിലുള്ള സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടുവെന്ന മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി മെറ്റ ഇന്ത്യ. അബദ്ധത്തില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ പിഴവ് ആണെന്നാണ് മെറ്റ ഇന്ത്യയുടെ വിശദീകരണം. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പരമാര്‍ശവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് ഐടി പാര്‍ലമെന്ററി പാനലിന്റെ തലവനായ ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞതിന് പിന്നാലെയാണ് മെറ്റ ഇന്ത്യ ക്ഷമാപണം നടത്തിയത്.
ജോ റോഗന്‍ പോഡ്കാസ്റ്റില്‍ സക്കര്‍ബര്‍ഗ് പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്. 2024 ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുള്‍പ്പെടെ നിലവിലുള്ള മിക്ക സര്‍ക്കാരുകളും പരാജയപ്പെട്ടുവെന്ന സക്കര്‍ബര്‍ഗിന്റെ വാദത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. സക്കര്‍ബര്‍ഗിന്റെ വാദം വസ്തുതാപരമായി തെറ്റാണെന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എക്‌സില്‍ കുറിച്ചത്. ‘2024 ലെ തിരഞ്ഞെടുപ്പില്‍ പല അധികാരത്തിലിരിക്കുന്ന പാര്‍ട്ടികളും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ല എന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നിരീക്ഷണം നിരവധി രാജ്യങ്ങള്‍ക്ക് ബാധകമാണ്, പക്ഷേ ഇന്ത്യയ്ക്ക് അങ്ങനെയല്ല. അബദ്ധത്തില്‍ സംഭവിച്ച പിഴവിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. മെറ്റയ്ക്ക് ഇന്ത്യ ഇപ്പോഴും പ്രധാനപ്പെട്ട ഒരു രാജ്യമാണ്, അതിന്റെ നൂതന ഭാവിയുടെ കേന്ദ്രബിന്ദുവായിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’- അശ്വിനി വൈഷ്ണവിന്റെ പോസ്റ്റിന് മറുപടിയായി മെറ്റാ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ശിവനാഥ് തുക്രാല്‍ ട്വീറ്റ് ചെയ്തു.