ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ പുതിയ ഹോണ്ട ഡിയോ പുറത്തിറക്കി. എന്‍ജിനില്‍ പ്രശ്നങ്ങള്‍ ഉണ്ടങ്കില്‍ ഉടന്‍ തന്നെ വാഹന ഉടമയെ അറിയിക്കുന്ന OBD2B സാങ്കേതികവിദ്യയോട് കൂടി അപ്ഡേറ്റ് ചെയ്ത ഡിയോ ആണ് അവതരിപ്പിച്ചത്. ഡല്‍ഹിയില്‍ 74,930 രൂപയാണ് (എക്സ്ഷോറൂം) വില.
109.51 സിസി, സിംഗിള്‍ സിലിണ്ടര്‍, PGM-FI എന്‍ജിനാണ് ഇതിന് കരുത്തുപകരുക. 8000 rpm-ല്‍ 5.85 kW പവറും 5250 rpm-ല്‍ 9.03 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്നതാണ് എന്ജിന്.ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഐഡ്ലിങ് സ്റ്റോപ്പ് സിസ്റ്റം ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. 2025 ഹോണ്ട ഡിയോ നിരവധി ആധുനിക സവിശേഷതകളോടെയാണ് വരുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
മൈലേജ് ഇന്‍ഡിക്കേറ്ററുകള്‍, ട്രിപ്പ് മീറ്ററുകള്‍, ഇക്കോ ഇന്‍ഡിക്കേറ്റര്‍, ഡിസ്റ്റന്‍സ്-ടു-എംപ്റ്റി തുടങ്ങിയ അവശ്യ വിവരങ്ങള്‍ നല്കുന്ന ഒരു പുതിയ 4.2 ഇഞ്ച് TFT ഡിജിറ്റല്‍ ഡിസ്പ്ലേയാണ് ഇതിന്റെ ഒരു ഫീച്ചര്‍. USB ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ട്, ഐഡ്ലിങ് സ്റ്റോപ്പ് സിസ്റ്റം, അലോയ് വീലുകള്‍ എന്നിവ മറ്റു പ്രത്യേകതകളാണ്.
1260 എംഎം വീല്‍ബേസ്, 160 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകള്‍ (130 mm) എന്നിവയോടെയാണ് സ്കൂട്ടര്‍ നിരത്തില്‍ എത്തുന്നത്. അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് വാഹനം അവതരിപ്പിച്ചത്. ഇംപീരിയല്‍ റെഡ് മെറ്റാലിക്, പേള്‍ ഇഗ്നിയസ് ബ്ലാക്ക്, പേള്‍ ഇഗ്നിയസ് ബ്ലാക്ക് + പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ, മാറ്റ് മാര്‍വല്‍ ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നി അഞ്ചു കളറുകളിലാണ് സ്കൂട്ടര്‍ വിപണിയില്‍ എത്തുക. കൂടുതല്‍ ഫീച്ചറുകളുള്ള ഡിയോ ഡിഎല്‍എക്സിന് ഡല്‍ഹിയില്‍ 85,648 രൂപയാണ് (എക്സ്-ഷോറൂം) വില.