കൗമുദി ‘ജനരത്ന’ പുരസ്കാരം ജുനൈദ് കൈപ്പാണിക്ക്

General

കോഴിക്കോട്: മികച്ച ജനപ്രതിനിധിക്കുള്ള കേരള കൗമുദിയുടെ ‘ജനരത്ന’ പുരസ്കാരം സാമൂഹ്യ പ്രവർത്തകനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. കേരള കൗമുദി- കൗമുദി ടി വി വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, എൽ.ഡി.എഫ് സംസ്ഥാന കൺവീനർ ടി.പി രാമകൃഷ്ണൻ,
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.
രാജ്യത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഒരു ജില്ലയിലെ ക്ഷേമകാര്യ പ്രവർത്തനങ്ങളുടെ ആസൂത്രണ നടത്തിപ്പു ചുമതലകൾ നിർവഹിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധി എന്ന നിലയിൽ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങളുടെ മികവും ഗുണനിലവാരവും വൈവിധ്യവുമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് കൗമുദി ഭാരവാഹികൾ അറിയിച്ചു.

ജനകീയാസൂത്രണം മുന്നോട്ടു വെക്കുന്ന വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ച്‌ വയനാട്ടിൽ കൂടുതൽ അവബോധവും ജാഗ്രതയും സൃഷ്ടിക്കുന്നതിൽ ജുനൈദിന്റെ പ്രവർത്തനങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. കൂടുതൽ ജനങ്ങളെയും പ്രദേശങ്ങളെയും സ്ഥാപനങ്ങളെയും പദ്ധതി നിർവഹണത്തിന്റെ ഗുണഭോക്താക്കളാക്കി മാറ്റുക വഴി, ജനകീയാസൂത്രണത്തിന്റെ താല്പര്യങ്ങളെ പ്രാദേശിക തലത്തിൽ കൂടുതൽ ജനകീയമാക്കുന്നതിലും ജുനൈദിന്റെ നേതൃത്വത്തിൽ നടന്ന വികസന പദ്ധതികൾ സഹായകമായി. ഭൗതിക സാഹചര്യങ്ങളുടെ വികസനം എന്നതിലപ്പുറം പ്രാദേശിക വികസനത്തെ കുറിച്ച് കൂടുതൽ വിപുലമായ കാഴ്ചപ്പാടുകൾ താഴേത്തട്ടിൽ രൂപീകരിക്കുന്നതിലും തുടർ പദ്ധതികളിൽ ഇവയുടെ പ്രതിഫലനം സൃഷ്ടിക്കുന്നതിലും ജുനൈദ് കൈപ്പാണി നിർവഹിക്കുന്ന നേതൃപരമായ പങ്കാളിത്തം ജനകീയാസൂത്രണത്തിലെ മികച്ച മാതൃകയാണെന്നും കേരള കൗമുദി- കൗമുദി ടി വി ഭാരവാഹികൾ പറഞ്ഞു.

വയനാട് ജില്ലാ പഞ്ചായത്തിൽ വെള്ളമുണ്ട ഡിവിഷൻ പ്രതിനിധീകരിക്കുന്ന ജുനൈദ് കൈപ്പാണി ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറിയും നിരവധിസാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ സംഘടനകളുടെ ചുമതലകളും വഹിക്കുന്നുണ്ട്. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രസംഗ പരിശീലനം നൽകുന്ന ലെറ്റ്സ് സ്‌കൂൾ ഓഫ് പബ്ലിക് സ്പീക്കിങ് എന്ന സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാനാണ്. മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം, ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം, മാതൃകാ പൊതുപ്രവർത്തകനുള്ള കർമ്മശ്രേഷ്ഠ പുരസ്‌കാരം, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് എന്നിവയുൾപ്പടെ നിരവധി അംഗീകാരങ്ങളും നേരത്തേ നേടിയിട്ടുണ്ട്. ജനകീയാസൂത്രണം, വ്യക്തിത്വവികസനം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിലെ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.

കേരളകൗമുദിയുടെ 113-ാംവാർഷികവും കൗമുദി ടി.വിയുടെ പതിനൊന്നാം വാർഷികവും പ്രമാണിച്ച്‌ കോഴിക്കോട് ഹോട്ടൽ ട്രിപ്പന്റയിൽ നടന്ന പുരസ്‌കാരദാന ചടങ്ങും ആഘേഷ പരിപാടികളും
സംഗീതനിശയും പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാർ അധ്യക്ഷത വഹിച്ചു.
ഷിറാസ് ജലാൽ (ജനറൽ മാനേജർ, മാർക്കറ്റിംഗ്, കേരളകൗ മുദി), അയ്യപ്പദാസ് (ജനറൽ മാനേജർ, കേരളകൗമുദി), രജീഷ്. കെ.വി (കൗമുദി ടി.വി നോർത്ത് സോൺ ഹെഡ്) തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *