ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരക്ക് 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് നായകനാകുന്ന ടീമില്‍ മുഖ്യ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ് ഇടം നേടി. അക്ഷര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. ടീമില്‍ ഋഷഭ് പന്തില്ല.
പേസര്‍ മുഹമ്മദ് ഷമി ടീമിലേക്ക് മടങ്ങിയെത്തി. 2023 നവംബറില്‍ ഏകദിന ലോകകപ്പിലാണ് ഷമി അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ 11 വിക്കറ്റും വിജയ് ഹസാരെ ട്രോഫിയില്‍ മൂന്നു മത്സരങ്ങളില്‍നിന്ന് അഞ്ചു വിക്കറ്റും നേടി ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. ധ്രുവ് ജുറലാണ് ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍. ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ നിതീഷ് റെഡ്ഡിയും ടീമിലെത്തി.