2 ചുവപ്പ് കാർഡുകൾ കണ്ടിട്ടും പതറിയില്ല; പഞ്ചാബിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്, അഞ്ചാം ജയം

General

ന്യൂഡൽഹി: രണ്ട് ചുവപ്പ് കാർഡുകളുടെ നാടകീയതയും ഡൽഹിയിലെ അതി ശൈത്യവും ഒന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ ജയത്തിനു തടസമായില്ല. മറുപടിയില്ലാത്ത ഒറ്റ ​ഗോളിനു പഞ്ചാബ് എഫ്സിയെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിലെ അഞ്ചാം ജയം സ്വന്തമാക്കി. നോഹ് സദൂയിയാണ് വിജയ ​ഗോളിനു അവകാശി.

ഒന്നാം പകുതിയിൽ ​ഗോളടിച്ച് മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനു രണ്ടാം പകുതിയിൽ ചുവപ്പ് കാർഡ് കണ്ട് രണ്ട് താരങ്ങളെ നഷ്ടമായിരുന്നു. 9 പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടില്ല.

42ാം മിനിറ്റിൽ സദൂയിയെ പഞ്ചാബ് താരം സുരേഷ് മെയ്തെയ് ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റിയാണ് ​ഗോളായി മാറിയത്. കിക്കെടുത്തതും സദൂയി തന്നെ. താരത്തിന്റെ ഷോട്ട് സുരക്ഷിതമായി വലയിലെത്തി.

രണ്ടാം പകുതിയിൽ പക്ഷേ ബ്ലാസ്റ്റേഴ്സിന്റെ ചങ്കിടിപ്പേറ്റുന്ന സംഭവങ്ങളാണ് ​ഗ്രൗണ്ടിൽ. 57ാം മിനിറ്റിൽ മിലോസ് ഡ്രിൻകിചാണ് ചുവപ്പ് കാർഡ് കണ്ടു ആദ്യം പുറത്തായത്. പഞ്ചാബിന്റെ മലയാളി താരം ലിയോൺ അദസ്റ്റിനെ വീഴ്ത്തിയതിനാണ് ചുവപ്പ് കാർഡ് കണ്ടത്. 74ാം മിനിറ്റിൽ ലിയോൺ അ​ഗസ്റ്റിനെ തന്നെ അപകടകരമായി ഫൗൾ ചെയ്തതിനു ബ്ലാസ്റ്റേഴ്സിന്റെ അയ്ബൻബ ഡോലിങും ചുവപ്പ് വാങ്ങി.

അവസാന 16 മിനിറ്റുകളും ഇഞ്ച്വറി ടൈമായ 7 മിനിറ്റും ​ഗോൾ വഴങ്ങാതെ ബ്ലാസ്റ്റേഴ്സ് അതിജീവിച്ചു. പഞ്ചാബ് സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും പ്രതിരോധവും ​ഗോൾ കീപ്പർ സുരേഷും കാവലായി ഉറച്ചു നിന്നതോടെ കൊമ്പൻമാർ ജയം ഉറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *