ദമാസ്കസ്: അധികാരം വിമതസേന പിടിച്ചെടുത്തതിനു പിന്നാലെ സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. രാജ്യത്തിലെ ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തു. ആയുധശേഖരം വിമതസേനയുടെ കയ്യിൽ എത്തുന്നത് തടയുന്നതിനായിരുന്നു വ്യോമാക്രമണം നടത്തിയത് എന്നാണ് ഇസ്രയേൽ പറയുന്നത്.
സുവൈദയിലെ ഖൽഖലാഹ വ്യോമതാവളത്തിലെ ആയുധശേഖരങ്ങള്‍, ദാരാ ഗവര്‍ണറേറ്റിലെ സൈനികകേന്ദ്രങ്ങള്‍, ഡമാസ്കസിലെ മെസ്സെ വ്യോമതാവളം എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായതെന്ന് സിറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ ഇസ്രയേലിന്റെ കര സേന സിറിയൻ അതിർത്തിയിലേക്ക് പ്രവേശിച്ചു. സിറിയയുമായി നിലനിന്നിരുന്ന അതിർത്തി കരാർ അവസാനിപ്പിക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു. ബഫർ സോണിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും അതിർത്തിയിലൂടെ ഇസ്രയേലിലേക്ക് ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും നെതന്യാഹു പറഞ്ഞു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മെസ്സെ വ്യോമതാവളത്തിലും ഡമാസ്കസിലെ സയന്റിഫിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ശാഖയിലും ഇന്റലിജന്‍സ്, കസ്റ്റംസ് ആസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന തലസ്ഥാനത്തെ സെന്‍ട്രല്‍ സ്ക്വയറിലും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. അസദ് ഭരണകൂടത്തിന്റെ പതനത്തെ തുടർന്ന് സിറിയയിലെ ആയുധശേഖരങ്ങൾ തങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ഹിസ്ബുല്ലയ്ക്കോ ഇസ്രയേലിന് ഭീഷണിയാകുന്ന മറ്റേതെങ്കിലും ഘടകങ്ങൾക്കോ അവ ലഭിക്കുന്നത് തടയാൻ പ്രവർത്തിച്ചുവരികയാണെന്ന് ഇസ്രയേൽ പ്രതിരോധസേന പറഞ്ഞു.