ചെന്നലോട്: തരിയോട് ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ്ണ ശുചിത്വവും സൗന്ദര്യവൽക്കരണവും ലക്ഷ്യം വെച്ചു കൊണ്ടുള്ള വിവിധ പരിപാടികൾക്ക് തുടക്കമായി. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി, ഹരിത കേരളം മിഷന്റെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ മിനി മെറ്റീരിയൽ കളക്ഷൻ സെൻറർ സൗന്ദര്യവൽക്കരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
സമ്പൂർണ്ണ ശുചിത്വ സുന്ദര ഗ്രാമം എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ക്യാമ്പയിനിന്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച മിനി മെറ്റീരിയൽ കളക്ഷൻ സെൻറർ, ബോട്ടിൽ ബൂത്തുകൾ എന്നിവയുടെ പരിസരങ്ങൾ ശുചീകരിച്ച്, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കുക എന്ന പുതിയ സംസ്കാരം വളർത്തിയെടുക്കുകയാണ് ലക്ഷ്യം വെക്കുന്നത്.
വി ഇ ഒ ശ്രീജിത് വി.എം, ഫ്രാൻസിസ് ലോറൻസ്, ജെ.എച്ച്.ഐ റിഷാന കെ, ഹരിത സഹായ സ്ഥാപന പ്രതിനിധി രാജേഷ് കെ.ആർ, സി.ഡി.എസ് ചെയർ പേഴ്സൺ രാധ .ഇ.കെ, ഹരിത കർമ്മസേനാംഗങ്ങളാ സാഹിറ അഷ്റഫ്, മോളി സെബാസ്റ്റ്യൻ, വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്, ജോസ് മുട്ടപ്പള്ളി, ടി ഡി ജോയി, ദേവസ്യ മുത്തോലിക്കൽ, എ.ഡി.എസ് പ്രസിഡണ്ട് ഷീന ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. കുടുംബശീ അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, ബാലസഭാംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.