തിരുവനന്തപുരം: കനത്തമഴയെത്തുടർന്ന് കേരളത്തിലെ നദികളിൽ ജലനിരപ്പ് ഉയരുന്നു. അപകടകരമായി ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ പുഴ (പാലക്കടവ് സ്റ്റേഷൻ), ഗായത്രി പുഴ (കൊണ്ടാഴി സ്റ്റേഷൻ) എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശ്ശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), കാസർകോട് ജില്ലയിലെ പയസ്വിനി (എരിഞ്ഞിപുഴ സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളോട് ചേർന്നുള്ള കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു.
കേരള ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അധീനതയിലുള്ള എട്ട് അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മൂഴിയാര്‍, മാട്ടുപ്പെട്ടി, പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുറ്റ്യാടി, ബാണാസുര സാഗര്‍ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്.