വയനാട് ദുരന്തത്തിൽപ്പെട്ട മരിച്ചവരുടെ എണ്ണം 135 ആയി. 116 മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടം ചെയ്തുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ഇന്നലെ രാത്രി നിർത്തിവച്ചിരുന്ന രക്ഷാദൗത്യം ഉടൻ പുനരാരംഭിക്കും. കാലാവസ്ഥ പ്രതികൂലമായി തുടരുകയാണെങ്കിലും തിരച്ചിൽ ഊർജിതമായി തന്നെ തുടരുമെന്നും അധികൃതർ അറിയിച്ചിരുന്നു. ഇന്നലെ അഗ്നിരക്ഷാസേനയും സൈന്യവും ചേർന്ന് കുടുങ്ങിക്കിടന്ന 489 ഓളം ആളുകളെ രക്ഷപ്പെടുത്തിയിരുന്നു.
അതേസമയം ദുരന്ത സ്ഥലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പിന്റെ ആരോഗ്യ പ്രവർത്തകരെ സേവനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. അധികമായി ആവശ്യമായി വരുന്ന മരുന്നും ആരോഗ്യ വകുപ്പ് അവിടെ ലഭ്യമാക്കുവാനും മന്ത്രി നിർദേശം നൽകിയിരുന്നു. ദുരന്തത്തിൽ അകപ്പെട്ടവർക്കാവശ്യമായ എല്ലാ വിധ ചികിത്സകളും ഒരുക്കാൻ ആശുപത്രികൾ സജ്ജമാണ്. ശസ്ത്രക്രിയ പോലും ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങൾ ആശുപത്രികളിൽ നിർവഹിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.