മാനന്തവാടി : ദ്വാരക എയുപി സ്‌കൂളിലെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിലവില്‍ ഇന്ന് രാവിലെ 10 മണി വരെ ചികിത്സ തേടിയ കുട്ടികളുടെ എണ്ണം 191 ആയി. ഇതില്‍ 6 കുട്ടികളെ അഡ്മിറ്റ് ചെയ്യുകയും
76 പേരെ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയുമാണ്. 109 കുട്ടികള്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. ഇതില്‍ ഭൂരിഭാഗം കുട്ടികളും പീച്ചങ്കോട് പൊരുന്നന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ ശേഷമാണ് കൂടുതല്‍ സൗകര്യാര്‍ത്ഥം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് വന്നിരിക്കുന്നത്.
പീച്ചങ്കോട് ഇതുവരെ 183 കുട്ടികള്‍ ചികിത്സ തേടിയിരുന്നു. അതില്‍ 17 പേര്‍ നിരീക്ഷണത്തിലുണ്ട്.
അവശേഷിക്കുന്നവര്‍ ചിലര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയും മറ്റുളളവര്‍ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.
ഇവരെ കൂടാതെ മാനന്തവാടി സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍ ഇതുവരെ 10 കുട്ടികള്‍ ചികിത്സതേടി. ഇതില്‍ 3 പേര്‍ അഡ്മിറ്റാണ്. വിനായക ആശുപത്രിയില്‍ 3 പേരാണ് ചികിത്സ തേടിയത്.
നിലവില്‍ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളുടെ ആരുടേയും നില ഗുരുതരമല്ല. ഛര്‍ദ്ദിയും പനിയും, വയറുവേദനയും മൂലമുള്ള ക്ഷീണം കാരണമാണ് പല കുട്ടികളും ചികിത്സ തേടിയിരിക്കുന്നത്. ആശങ്കപ്പെടേണ്ട യാതൊരു വിധ സാഹചര്യവും നിലവിലില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.