തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോടില്‍ കാണാതായ ജോയിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി സൂചന. കാമറ ഘടിപ്പിച്ച റോബോട്ടിക് യന്ത്രം ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങളെന്ന് സംശയിക്കുന്ന ദൃശ്യം കണ്ടത്. ഡാര്‍ക് റോബോട്ട് ഉപയോഗിച്ചുകൊണ്ടുള്ള പരിശോധനയാണ് നടത്തുന്നത്. ജോയി വീണതിന്റെ 10 മീറ്റര്‍ മാറിയാണ് ശരീരഭാഗങ്ങളെന്നു തോന്നിക്കുന്ന ദൃശ്യം ലഭിച്ചത്.
ദൃശ്യങ്ങളില്‍ വന്‍തോതില്‍ മാലിന്യങ്ങളുടെ കൂമ്പാരമാണ് കാണുന്നത്. ഇതില്‍ കണ്ടത് ജോയിയുടെ ശരീരമാണോ എന്ന് സ്ഥിരീകരിക്കാനാറായിട്ടില്ലെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന എന്‍ഡിആര്‍എഫ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ദൃശ്യങ്ങള്‍ കണ്ട സാഹചര്യത്തില്‍ ടണലിനുള്ളില്‍ ഇറങ്ങി പരിശോധന നടത്താനാണ് എന്‍ഡിആര്‍എഫിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂബ ഡൈവിങ് സംഘം ടണലിലേക്ക് ഇറങ്ങി പരിശോധിക്കും.
കണ്ടത് ജോയിയുടെ കാലാണെന്നാണ് സംശയം. എന്നാല്‍ ഉറപ്പിക്കാറായിട്ടില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രനും പറഞ്ഞു. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതിനാല്‍ അങ്ങോട്ടേക്ക് പോകുന്നത് ദുഷ്‌കരമാണ്. ഓക്‌സിജന്‍ മാസ്‌ക് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് സ്‌കൂബ സംഘം ടണലിനുള്ളിലേക്ക് പോകുന്നത്. റെയില്‍വേ സ്റ്റേഷന്‍ പാഴ്‌സല്‍ കൗണ്ടറിന്റെ എതിര്‍ഭാഗത്തെ കനാലിലാണ് ജോയി വീണത്.
ജോയിയെ കണ്ടെത്താനുള്ള തിരച്ചില്‍ 26 മണിക്കൂര്‍ പിന്നിട്ടുകഴിഞ്ഞു. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയപ്പോഴാണ് ഇന്നലെ രാവിലെ 11 മണിയോടെ മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്. 30 അംഗ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. രക്ഷാ ദൗത്യത്തിന് കഠിന പരിശ്രമം തുടരുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. രക്ഷാ ദൗത്യം എല്ലാ വകുപ്പും ചേർന്ന് നടത്തുന്നുണ്ടെന്നും പത്തനംതിട്ട, കൊല്ലം ജില്ലയിൽ നിന്ന് കടുതൽ സ്കൂബ ടീം എത്തുമെന്നും മന്ത്രി ശിവൻ കുട്ടി ഉന്നത തല യോഗത്തിനുശേഷം പറഞ്ഞു.