ബര്‍ലിന്‍: ഫുട്ബോള്‍ ആരാധകര്‍ക്ക് ഇന്ന് ഉറക്കമില്ല. യൂറോ കപ്പില്‍ പുതിയ ചാമ്പ്യന്മാര് ജര്‍മനിയിലും കോപ്പ അമേരിക്ക ജേതാക്കള്‍ യുഎസിലും ഉദിച്ചുയരും. രാത്രി 12.30ന് മ്യൂണിക്കിലെ ഒളിംപിയ സ്റ്റേഡിയത്തിലാണ് സ്പെയിന് – ഇംഗ്ലണ്ട് ഫൈനല്‍
തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് കലാശപ്പോരിനെത്തുന്നത്. എളുപ്പമായിരുന്നില്ല അവര്‍ക്ക് ഫൈനല്‍വരെ. ആദ്യകിരീടമാണ് ഇംഗ്ലണ്ട് മോഹിക്കുന്നത്. സ്പെയിന് ഒറ്റയൊഴുക്കായിരുന്നു. അഴകുള്ള കളി. അതിനൊത്ത ജയങ്ങള്‍. യൂറോയില്‍ നാലാംകിരീടമാണ് ലക്ഷ്യം.
നെതര്‍ലന്‍ഡ്സിനെതിരെ മനോഹരമായ കളിയാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഷൂട്ടൗട്ട് വേണ്ടിവന്നു. പ്രീ ക്വാര്‍ട്ടറിലായിരുന്നു രക്ഷപ്പെടല്‍. സ്ലൊവാക്യയുമായുള്ള കളിയില്‍ അവസാനഘട്ടംവരെ ഒരു ഗോള്‍ പിന്നിലായിരുന്നു. ഒടുവില്‍ തീരാന്‍ 86 സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കെ ജൂഡ് ബെല്ലിങ്ഹാമിന്റെ മാന്ത്രികനീക്കം ജീവന് നല്‍കുകയായിരുന്നു.
മറുവശത്ത് സ്പെയിന് എല്ലാ മത്സരവും ജയിച്ചാണ് എത്തുന്നത്. ക്വാര്‍ട്ടറില്‍ ജര്‍മനിയെയും സെമിയില്‍ ഫ്രാന്‍സിനെയുമാണ് തോല്‍പ്പിച്ചത്.
പതിനേഴുകാരന് ലമീന്‍ യമാലും ഇരുപത്തൊന്നുകാരന് നിക്കോ വില്യംസുമാണ് വശങ്ങളില് ആക്രമണം മെനയുന്നത്. ഇരുവരും ഇംഗ്ലീഷ് പ്രതിരോധത്തിന് വലിയ വെല്ലുവിളിയുണ്ടാക്കും. റോഡ്രിയും ഫാബിയാന്‍ റൂയിസും ഡാനി ഒല്മോയുമാണ് സ്പാനിഷ് മധ്യനിരയിലെ ബുദ്ധികേന്ദ്രങ്ങള്‍. മൂന്ന് ഗോളടിച്ച ഒല്‍മോ രണ്ടെണ്ണത്തിന് അവസരവും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ തവണ ഇറ്റലിയോടാണ് ഇംഗ്ലണ്ട് ഫൈനലില്‍ തോറ്റത്. ലൂക്ക് ഷായിലൂടെ ലീഡ് നേടിയെങ്കിലും ഇറ്റലി ഒപ്പമെത്തി. ഷൂട്ടൗട്ടിലായിരുന്നു ഇറ്റലിയുടെ വിജയം.