മദ്യനയ അഴിമതി: കെജരിവാളിന് ഇടക്കാല ജാമ്യം, അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി വിശാല ബെഞ്ചിന്

Kerala

ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം നല്‍കി. 90 ദിവസത്തിലേറെയായി കെജരിവാള്‍ തടങ്കലിലാണെന്നു ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ വിധി. മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജി കോടതി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.

ഇഡി കേസില്‍ ജാമ്യം ലഭിച്ചെങ്കിലും സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ കെജരിവാളിനു ജയിലില്‍നിന്നു പുറത്തിറങ്ങാനാവില്ല. ഇഡി അറസ്റ്റ്ിനെതിരായ ഹര്‍ജിയില്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കെ, ജൂണ്‍ 26നാണ് സിബിഐ കെജരിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മെയ് 17 ന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി സുപ്രിംകോടതി ബെഞ്ച് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഉയര്‍ത്തുന്ന മൂന്നു നിയമ പ്രശ്‌നങ്ങള്‍ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി.

മദ്യനയ അഴിമതിയിലെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് ഇ ഡി കെജരിവാളിനെ അറസ്റ്റുചെയ്തത്. പിന്നീട് ജൂണ്‍ 26ന് സിബിഐയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. നിലവില്‍ കെജരിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *