‘ഗ്രെയ്റ്റ് ഇന്ത്യ’- ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി ഫൈനലില്‍

Kerala

ഗയാന: ഇടക്കിടെ തടസപ്പെടുത്തിയ മഴയ്ക്കും ഇന്ത്യയുടെ വിജയം തടയാന്‍ സാധിച്ചില്ല. ഇംഗ്ലണ്ടിനെ 68 റണ്‍സിനു തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍. രണ്ടാം ടി20 ലോക കിരീടത്തിലേക്ക് ഇനി ഇന്ത്യയുടെ ദൂരം ഒരു ജയം അകലെ. നാളെ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവരില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് അടിച്ചു. മറുപടി പറഞ്ഞ ഇംഗ്ലണ്ടിന്റെ പോരാട്ടം 16.4 ഓവറില്‍ 103 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ കലാശപ്പോരിന് എത്തുന്നത്.

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ മിന്നും ബൗളിങാണ് ഇംഗ്ലണ്ടിന്റെ അടിത്തറ ഇളക്കിയത്. ജസ്പ്രിത് ബുംറ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. രണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ റണ്‍ ഔട്ടായി.

ഇംഗ്ലണ്ടിനായി ഹാരി ബ്രൂക് (25), ക്യാപ്റ്റന്‍ ജോഷ് ബട്‌ലര്‍ (23), ജോഫ്ര ആര്‍ച്ചര്‍ (21) എന്നിവരാണ് പിടിച്ചു നിന്നത്. ലിയാം ലിവിങ്സ്റ്റന്‍ (11) ആണ് രണ്ടക്കം കടന്ന മറ്റൊരാള്‍. മറ്റെല്ലാവരും ക്ഷണം മടങ്ങി.

നാലോവറില്‍ 23 റണ്‍സ് വഴങ്ങി അക്ഷറും ഇത്രയും ഓവറില്‍ 19 റണ്‍സ് വഴങ്ങി കുല്‍ദീപും മൂന്ന് വീതം വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ബുംറ 2.4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും പിഴുതു.

ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരിക്കല്‍ കൂടി അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. രോഹിത് 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 57 റണ്‍സെടുത്തു. വിരാട് കോഹ്‌ലി (9) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഋഷഭ് പന്തിനും കാര്യമായി നില്‍ക്കാന്‍ സാധിച്ചില്ല. താരം 4 റണ്‍സുമായി മടങ്ങി.

പിന്നീട് സൂര്യകുമാര്‍ യാദവുമായി ചേര്‍ന്ന് രോഹിത് ഇന്ത്യയെ മുന്നോട്ടു നയിച്ചു. സൂര്യകുമാര്‍ 36 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 47 റണ്‍സെടുത്തു. 13 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 23 റണ്‍സെടുത്ത് ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കി.

ശിവം ദുബെ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ രവീന്ദ്ര ജഡേജ 9 പന്തില്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്പോള്‍ ജഡേജയ്‌ക്കൊപ്പം 1 റണ്ണുമായി അര്‍ഷ്ദീപ് സിങും പുറത്താകാതെ ക്രീസില്‍ തുടര്‍ന്നു.

ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. റീസ് ടോപ്‌ലി, ജോഫ്ര ആര്‍ച്ചര്‍, സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *