ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ലോക്‌സഭാ സമ്മേളനത്തില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും നാളെയുമായി നടക്കും. 26നാണു സ്പീക്കര്‍ തിരഞ്ഞെടുപ്പ്. രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളെയും 27ന് അഭിസംബോധന ചെയ്യും. രാജ്യസഭയും അന്നു മുതലാണു സമ്മേളിക്കുക. രാഷ്ട്രപതിയുടെ പ്രസംഗത്തിനു നന്ദി അറിയിച്ചുള്ള പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച 28ന് ആരംഭിക്കും. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ മൂന്നിനു മറുപടി പറയും. അന്നു പിരിയുന്ന സമ്മേളനം പിന്നീട് ബജറ്റ് അവതരണത്തിനായി ജൂലൈ മൂന്നാം വാരം ചേരും.
അംഗങ്ങളുടെ സത്യപ്രതിജ്ഞയടക്കമുള്ള നടപടിക്രമങ്ങളാണ് അജന്‍ഡയിലുള്ളതെങ്കിലും പരീക്ഷാ ക്രമക്കേട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ ഇന്ത്യാസഖ്യം രംഗത്തിറങ്ങും. പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി മൂന്നാം മോദി സര്‍ക്കാരിനെ തുടക്കം മുതല്‍ പ്രതിരോധത്തിലാക്കാനാണു പ്രതിപക്ഷ നീക്കം.
അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താനുള്ള പ്രോടെം സ്പീക്കറായി സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞ് ബിജെപി എംപി ഭര്‍തൃഹരി മെഹ്താബിനെ നിയമിച്ചതില്‍ കോണ്‍ഗ്രസ് തര്‍ക്കമുന്നയിക്കും. 18-ാം ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷ പ്രതിഷേധവും ഈ വിഷയത്തിലായിരിക്കുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഒപ്പം നില്‍ക്കാന്‍ ഇന്ത്യാസഖ്യത്തിലെ മറ്റു കക്ഷികളെ കോണ്‍ഗ്രസ് ബന്ധപ്പെട്ടിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകള്‍ക്കു പുറമേ ബംഗാളിലെ ട്രെയിന്‍ അപകടം, മണിപ്പുര്‍ കലാപം, ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ തുടങ്ങിയവയും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കും.