വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ ട്രാക്കിലേക്ക്; ട്രയല്‍ റണ്‍ ഓഗസ്റ്റ് 15 ന് ആരംഭിക്കും

Kerala

ന്യൂഡല്‍ഹി: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. ആധുനിക സാങ്കേതിക വിദ്യകളോടെയുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ട്രയല്‍ റണ്‍ ഓഗസ്റ്റ് 15 ന് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സ്ലീപ്പര്‍ റേക്കുകളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും, രണ്ടു മാസത്തിനകം ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി.

ബിഇഎംഎല്‍ ലിമിറ്റഡിന്റെ ബാഗളൂരു റെയില്‍ യൂണിറ്റാണ് ട്രെയിന്‍സെറ്റ് നിര്‍മ്മിക്കുന്നത്. എല്ലാ സാങ്കേതിക ജോലികളും അവസാന ഘട്ടത്തിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് സുഖമായി സഞ്ചരിക്കാനും ആഗോള നിലവാരത്തില്‍ വിവിധ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതുമാണെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു.

സ്ലീപ്പര്‍ ട്രെയിനുകളുടെ ട്രയല്‍ റണ്ണില്‍ കര്‍ശന പരിശോധന ഉണ്ടാകും. ട്രയല്‍ റണ്‍ കുറഞ്ഞത് ആറു മാസമെങ്കിലും തുടരും. പരീക്ഷണങ്ങള്‍ വിജയകരമായാല്‍, കൂടുതല്‍ റേക്കുകളുടെ നിര്‍മ്മാണം വേഗത്തിലാക്കും. എല്ലാ പ്രധാന നഗരങ്ങളെയും വിവിധ റൂട്ടുകളെയും ബന്ധിപ്പിച്ച് 2029 ഓടെ കുറഞ്ഞത് 200-250 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളെങ്കിലും ഓടിക്കാനുള്ള ശ്രമങ്ങളാണ് റെയില്‍വേ മന്ത്രാലയം നടത്തുന്നതെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *