കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളില്‍ ഒരാളായ നടന്‍ സൗബിന്‍ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. സാമ്പത്തിക തട്ടിപ്പ് പരാതിയിന്മേലാണ് ഇഡിയുടെ നടപടി. നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ചോദ്യം ചെയ്തിരുന്നു.
സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിയ്ക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്.
ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലാണ് ഇഡിയുടെ ഇടപെടല്‍.
സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയെന്നും പണം തിരികെ നല്‍കിയില്ലെന്നുമാണ് സിറാജിന്റെ പരാതി. സിനിമയ്ക്ക് 40 ശതമാനം പറവ ഫിലിംസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരു രൂപ പോലും ലഭിച്ചിട്ടില്ല എന്നായിരുന്നു സിറാജിന്റെ പരാതി.