ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ നിന്നു പാകിസ്ഥാന് ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. അമേരിക്കയും അയര്‍ലന്‍ഡും തമ്മിലുള്ള പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതോടെയാണ് പാക് പ്രതീക്ഷകള്‍ അസ്തമിച്ചത്. ഇതോടെ ഗ്രൂപ്പ് എയില്‍ നിന്നു ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ആതിഥേയരായ അമേരിക്ക സൂപ്പര്‍ എട്ടിലേക്ക് മുന്നേറി.
ഗ്രൂപ്പിലെ ആദ്യ പോരാട്ടത്തില്‍ അമേരിക്കയോടു അട്ടിമറി തോല്‍വി വഴങ്ങിയതാണ് പാകിസ്ഥാന് തിരിച്ചടിയായത്. പിന്നാലെ ഇന്ത്യയോടും തോറ്റതോടെ അവരുടെ പ്രതീക്ഷകള്‍ മറ്റ് മത്സര ഫലങ്ങളെ ആശ്രയിച്ചായി.
അമേരിക്ക അയര്‍ലന്‍ഡ് മത്സരം നടക്കുകയും അമേരിക്കയെ അയര്‍ലന്‍ഡ് തോല്‍പ്പിക്കുമെന്നുമായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ മത്സരം നടന്നില്ല. ഇതോടെ ഓരോ പോയിന്റ് വീതം ഇരു ടീമുകള്‍ക്കും ലഭിച്ചു.
നെറ്റ് റണ്‍റേറ്റില്‍ അമേരിക്കയേക്കാള്‍ സാധ്യത പാകിസ്ഥാനുണ്ടായിരുന്നു. എന്നാല്‍ യുഎസ്എ- അയര്‍ലന്‍ഡ് പോരാട്ടം ഉപേക്ഷിച്ചതോടെ ആതിഥേയര്‍ക്ക് അഞ്ച് പോയിന്റുകളായി.
പാകിസ്ഥാന് നിലവില്‍ രണ്ട് പോയിന്റാണുള്ളത്. കാനഡയെ കീഴടക്കിയാണ് നേട്ടം. അവസാന പോരാട്ടത്തില്‍ പാകിസ്ഥാന് അയര്‍ലന്‍ഡുമായി ഏറ്റുമുട്ടും. ഇതില്‍ ജയിച്ചാലും അവര്‍ക്ക് നാല് പോയിന്റേ കിട്ടു. ഇതോടെ പ്രതീക്ഷകളും തീര്‍ന്നു.