കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ വ്യാപക സംഘര്‍ഷം. ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്ന വിവിധ മണ്ഡലങ്ങളില്‍ പരക്കെ അക്രമം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാദവ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും സിപിഎം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ബോംബെറിഞ്ഞു. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ഒരു വിഭാഗമാളുകള്‍ റിസര്‍വ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) വെള്ളത്തിലേക്ക് എറിഞ്ഞു.
ജാദവ്പൂര്‍ നിയോജക മണ്ഡലത്തിലെ ഭംഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റേയും ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റേയും അനുഭാവികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇരു പാര്‍ട്ടികളുടെയും അനുയായികള്‍ പരസ്പരം ബോംബെറിഞ്ഞു. പൊലീസ് സ്ഥലത്തെത്തിയതോടെ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങി. ഇതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. പ്രദേശത്ത് നിന്ന് നിരവധി ബോംബുകള്‍ പൊലീസ് കണ്ടെടുത്തു.
ആറ് ബൂത്തുകളില്‍ വിവിധ സംഘര്‍ഷങ്ങളില്‍ കേസെടുത്തിട്ടുണ്ട്. എന്നാല്‍ വോട്ടിങ് മെഷീന്‍ വെള്ളത്തിലെറിഞ്ഞെങ്കിലും വോട്ടെടുപ്പ് തടസപ്പെട്ടില്ല. കൂടുതലായി വെച്ചിരുന്ന വോട്ടിങ് മെഷീനാണ് വെള്ളത്തിലെറിഞ്ഞതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു. കൊല്‍ക്കത്ത ഉത്തര്‍ മണ്ഡലത്തിലെ കോസിപോറില്‍ ബിജെപി സ്ഥാനാര്‍ത്ഥി തപസ് റോയ് പോളിങ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചതും സംഘര്‍ഷ സാധ്യതയുണ്ടാക്കി. ടിഎംസി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.