‘എനിക്ക് എഡിഎച്ച്ഡി ഉണ്ട്, 41-ാം വയസിലാണ് കണ്ടെത്തിയത്’; വെളിപ്പെടുത്തി ഫഹദ് ഫാസിൽ

Kerala

മലയാളികളുടെ പ്രിയപ്പെട്ട ഫഫയാണ് ഫഹദ് ഫാസിൽ. ഇപ്പോഴിതാ തനിക്ക് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി (എഡിഎച്ച്ഡി) എന്ന രോ​ഗമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ്. കോതമം​ഗലത്ത് പീസ് വാലി ചിൽഡ്രൻസ് വില്ലേജ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.

“എഡിഎച്ച്ഡി എന്നൊരു രോ​ഗമുണ്ട്. സാബിത്തിനൊപ്പമാണ് ഞാനിവിടെയെത്തിയത്. പല കാര്യങ്ങളേക്കുറിച്ച് ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ എഡിഎച്ച്ഡി എന്ന അസുഖം മാറ്റാൻ എളുപ്പമാണോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു.

അത് ചെറുപ്പത്തിലേ കണ്ടുപിടിച്ചാൽ ഈസിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. 41-ാം വയസിലാണ് എനിക്ക് കണ്ടെത്തിയത്. ഇനി അത് മാറുമോയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഞാൻ എ‍ഡിഎച്ച്ഡി ഉള്ളയാളാണ്. വലിയ രീതിയിൽ അല്ലെങ്കിലും ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ എനിക്കുണ്ട്” – ഫഹദ് പറഞ്ഞു.

സാധാരണ കുട്ടികളിലും അപൂർവമായി മുതിർന്നവരിലും നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട തകരാറാണ് എഡിഎച്ച്ഡി. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെയിരിക്കുക, സമയ നിഷ്ടത പാലിക്കാൻ പറ്റാതെയിരിക്കുക തുടങ്ങിയ ലക്ഷണങ്ങളൊക്കെ എഡിഎച്ച്ഡിയുടേതാണെന്ന് പറയപ്പെടുന്നു.

അതേസമയം ആവേശം ആണ് ഫഹദിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഓടും കുതിര ചാടും കുതിര, പുഷ്പ 2 തുടങ്ങിയ ചിത്രങ്ങളാണ് ഫഹദിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *