ചെന്നൈ: ഐപിഎല്‍ കലാശപ്പോരാട്ടം ഇന്ന്. ചെന്നൈയിലെ ചെപ്പോക്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് പോരാട്ടം. കൊല്‍ക്കത്ത മൂന്നാം കിരീടവും ഹൈദരാബാദ് രണ്ടാം കിരീടവുമാണ് ലക്ഷ്യമിടുന്നത്.
തുടക്കം മുതല്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കും വരെ ആധികാരിക പ്രകടനം നടത്തിയ സംഘമാണ് കൊല്‍ക്കത്തയുടേത്. കയറ്റിറക്കങ്ങളിലൂടെ ഫൈനലിലെത്തിയ സംഘമാണ് ഹൈദരാബാദിന്‍റേത്.
ഗ്രൂപ്പ് ഘട്ടത്തിലും ആദ്യ ക്വാളിഫയര്‍ പോരാട്ടത്തിലും ഹൈദരാബാദിനെ വീഴ്ത്തിയതിന്റെ മുന്‍തൂക്കം കൊല്‍ക്കത്തയ്ക്കുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇതേ പിച്ചില്‍ തന്ത്രപരമായി വീഴ്ത്തിയതിന്റെ ആത്മവിശ്വാസമാണ് ഹൈദരാബാദിനെ നയിക്കുന്നത്.
ടൂര്‍ണമെന്റില്‍ ബാറ്റിങിലും ബൗളിങിലും സന്തുലിതാവസ്ഥ നിലനിര്‍ത്തിയ സംഘമാണ് കൊല്‍ക്കത്തയുടേത്. കോടികള്‍ മുടക്കി ടീമിലെത്തിച്ച പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നിര്‍ണായക ഘട്ടത്തില്‍ ഫോമിലേക്ക് ഉയര്‍ന്നതും അവര്‍ക്ക് ബോണസായി നില്‍ക്കുന്നു.
മറുഭാഗത്ത് വമ്പനടിക്കാരായ താരങ്ങളുടെ സാന്നിധ്യമാണ് ഹൈദരാബാദിനെ അപകടകാരികളാക്കുന്നത്. ഈ സീസണില്‍ ആറ് തവണ 200നു മുകളില്‍ സ്‌കോര്‍ ചെയ്ത സംഘമാണ് പാറ്റ് കമ്മിന്‍സിന്റേത്. അതില്‍ തന്നെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലും അവര്‍ സ്വന്തമാക്കിയിരുന്നു.