ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ അവസാന ഘട്ട മത്സരങ്ങള്‍ നടക്കവെ നാട്ടിലേക്ക് തിരികെ പോകുന്ന ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സുനില്‍ ഗാവസ്‌കര്‍. മടങ്ങി പോകുന്ന താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്നും ഗാവസ്‌കര്‍ ആവശ്യപ്പെട്ടു.
ഈ മാസം 22 ന് ആരംഭിക്കുന്ന പാകിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ കളിക്കാനാണ് ഐപിഎല്‍ മത്സരങ്ങള്‍ ഒഴിവാക്കി ഇംഗ്ലണ്ട് താരങ്ങള്‍ മടങ്ങുന്നത്.
ഒരു സീസണ്‍ മുഴുവന്‍ കളിക്കാനാണ് താരങ്ങളെ ഐപിഎല്‍ ടീമുകള്‍ വന്‍വില നല്‍കി സ്വന്തമാക്കുന്നതെന്നും ഐപിഎല്‍ പാതിവഴിയില്‍ നില്‍ക്കുമ്പോള്‍ താരങ്ങള്‍ തിരികെ പോകുന്നത് ടീമുകളെ ബാധിക്കും. ഐപിഎല്‍ താരങ്ങള്‍ സീസണ്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവര്‍ക്കു നല്‍കുന്ന പ്രതിഫലത്തില്‍ ആനുപാതിക കുറവുവരുത്താം. സമാനമായി താരങ്ങള്‍ക്കുവേണ്ടി വിദേശ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് നല്‍കുന്ന തുകയിലും കുറവുവരുത്തണമെന്നും ഗാവസ്‌കര്‍ പറഞ്ഞു.
ഐപിഎല്ലിലെ വിവിധ ടീമുകളില്‍ കളിക്കുന്ന ജോഷ് ബട്‌ലർ, ഫില്‍ സാള്‍ട്ട്, ലയാം ലിവിങ്സ്റ്റണ്‍, സാം കരണ്‍, ജോണി ബെയര്‍സ്റ്റോ, മൊയിന്‍ അലി, വില്‍ ജാക്സ്, റീസ് ടോപ്ലി തുടങ്ങിയ താരങ്ങളാണ് ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് മടങ്ങുന്നത്.