തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സാമാന്യം നല്ല പോളിങ് ശതമാനം തന്നെയാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ശതമാനത്തില്‍ എന്തെങ്കിലും ഉത്കണ്ഠ ഉണ്ടാകേണ്ട കാര്യമില്ലെന്നാണ് തോന്നുന്നത്. പാര്‍ട്ടിയുടെ കണക്കുകളൊന്നും കിട്ടിയിട്ടില്ല. അക്കാര്യങ്ങളൊക്കെ നാളെ പറയാമെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
നല്ല പോലെ വിജയിക്കും. കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ല. തിരുവനന്തപുരത്തും സാധ്യതയില്ല. തൃശൂരും സാധ്യതയില്ല. അതുകൊണ്ട് അതില്‍ വേറെ പ്രയാസം ഒന്നും ഉണ്ടാകേണ്ട കാര്യമില്ല. ഘടകകക്ഷിയായ സിപിഐ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ വിജയസാധ്യതയുണ്ട്. രണ്ടിത്തും ബിജെപി തോല്‍ക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
തൃശൂരും തിരുവനന്തപുരത്തും സിപിഎം കാര്യമായി പ്രവര്‍ത്തിച്ചില്ലെന്നും അതുകൊണ്ടു തന്നെ രണ്ടിടത്തും വിജയിക്കാന്‍ സാധ്യതയുണ്ടെന്ന ബിജെപിയുടെ പ്രചാരണം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഗോവിന്ദന്റെ മറുപടി. ഇത്തരം പ്രചാരണങ്ങള്‍ക്ക് ഏറിയാല്‍ നാലാം തീയതി വരെയേ ആയുസ്സുള്ളൂ. അതില്‍ ബേജാറാകേണ്ട കാര്യമൊന്നുമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇപി ജയരാജന്‍- പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ചയെക്കുറിച്ച് എംവി ഗോവിന്ദന്‍ പ്രതികരിച്ചില്ല.