കല്‍പ്പറ്റ: ആയിരക്കണക്കിന് ജനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോ യ്ക്ക് ശേഷം വയനാട് ലോകസഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി ആനി രാജ പത്രിക സമര്‍പ്പിച്ചു.എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് സി.കെ.ശശീന്ദ്രന്, കണ്‍വീനര്‍ ടി.വി.ബാലന്, സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന്, ഒ.ആര്.കേ ളു എംഎല്‍എ, പി കെ മൂര്‍ത്തി എന്നിവര്‍ക്കൊപ്പം കല്‍പ്പറ്റ കളക്ടറേറ്റില്‍ എത്തി ജില്ലാ വരണാധികാരിയായ കളക്ടര്‍ ഡോക്ടര്‍ രേണു രാജിന് പത്രിക സമര്‍പ്പിച്ചു. രാവിലെ പത്തിന് സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് ആരംഭിച്ച റോഡ് ഷോ എസ്കെ എംജെ സ്കൂള്‍ പരിസരത്ത് സമാപിച്ചു. അരിവാള്‍ നെല്കതിര് ചിഹ്നം പതിച്ച തൊപ്പിയും, കുടകളുമായി നിരന്ന അണികള്‍ കല്‍പ്പറ്റ ടൗണിനെ ചുവപ്പിച്ചു. ചെണ്ട മേളത്തിന്റെ അകമ്പടിയും, അമ്മംകുടവും, നാസിക് ഡോളും അണികളില്‍ ആവേശം വിതച്ചു.
കുക്കി വിമോചക പോരാളിയും യുഎല്‍എയു ട്രൈബല്‍ വി മണ്സ് ഫോറം മണിപ്പൂര്‍ വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫേയി കുഞ്ചാന്‍, തമിഴ്നാട് ന്യൂനപക്ഷ കമ്മീഷന് അംഗം തമീം അന്‍സാരി, സത്യമംഗലത്ത് നിന്ന് വീരപ്പന് വേട്ടയുടെ പേരില്‍ പൊലീസ് അതി ക്രമത്തിന് ഇരയാക്കപ്പെട്ടവരും റോഡ് ഷോയില്‍ പങ്കെടുത്തു. വയനാട് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി എന്നീ മണ്ഡലങ്ങളില്‍ നിന്നും കല്‍പ്പറ്റയിലേക്ക് നിരവധി ആളുകള്‍ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തി. പി സന്തോഷ് കുമാര്‍ എം പി എന്നിവരും സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, കെ കൃഷ്ണദാസ്, പി ഗവാസ്, പി പി സുനീര്‍, പങ്കാളികളായി. സ്ഥാനാര്‍ഥി മണ്ഡലത്തില്‍ രണ്ടാംവട്ട പര്യടനം നടത്തിവരികയാണ്.