എസ്ബിഐ ഡെബിറ്റ് കാർ‍ഡ് മുതൽ ഫാസ്ടാ​ഗ് വരെ; ഇന്നുമുതൽ വരുന്ന അഞ്ചുമാറ്റങ്ങൾ

Kerala

ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷം ഇന്ന് ആരംഭിക്കുകയാണ്. ഓൺലൈൻ തട്ടിപ്പുകൾ കൂടി വരുന്ന സാഹചര്യത്തിൽ നാഷണൽ പെൻഷൻ സിസ്റ്റം അക്കൗണ്ടുമായി ബന്ധപ്പെട്ട് പിഎഫ്ആർഡിഎ പുതിയ സുരക്ഷാക്രമീകരണം ഒരുക്കി. പാസ് വേർഡ് അധിഷ്ഠിത സിആർഎ സിസ്റ്റത്തിൽ ലോ​ഗിൻ ചെയ്ത് അക്കൗണ്ട് തുറക്കുന്നതിന് ആധാർ വെരിഫിക്കേഷൻ കൂടി നിർബന്ധമാക്കിയാണ് സുരക്ഷ വർധിപ്പിച്ചത് .ടു ഫാക്ടർ ആധാർ അധിഷ്ഠിത വെരിഫിക്കേഷൻ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് പിഎഫ്ആർഡിഎ സർക്കുലറിൽ അറിയിച്ചു.

പുതിയ പോളിസികൾ ഡിജിറ്റൽ രൂപത്തിൽ

ഏപ്രിൽ ഒന്നുമുതൽ പുതിയ ഇൻഷുറൻസ് പോളിസികൾ നൽകുന്നത് ഡിജിറ്റൽ രൂപത്തിലായിരിക്കണം. പോളിസികൾ എളുപ്പത്തിൽ പരിശോധിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സൗകര്യം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഐആർഡിഎഐയുടെ പുതിയ നിർദേശം. ലൈഫ്, ഹെൽത്ത്, ജനറൽ ഇൻഷുറൻസ് പോളിസികൾക്ക് എല്ലാം ഇത് ബാധകമാണ്.

പുതിയ പോളിസി എടുക്കുന്ന സമയത്ത് റിപ്പോസിറ്ററിയിൽ നിന്ന് ലഭിക്കുന്ന ഫോം പൂരിപ്പിച്ച് ആധാർ, പാൻ പോലുള്ള കെവൈസി രേഖകൾ നൽകി ഇ- ഇൻഷുറൻസ് അക്കൗണ്ട് തുടങ്ങാം. പഴയ പോളിസികൾ പേപ്പർ രൂപത്തിൽ തുടരുന്നതിൽ തടസ്സമില്ല

പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഎ ചില ഡെബിറ്റ് കാർഡുകളുടെ ആന്വൽ മെയിന്റനൻസ് ചാർജുകൾ വർധിപ്പിക്കാൻ തീരുമാനിച്ചു. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ക്ലാസിക്, സിൽവർ, ഗ്ലോബൽ, കോൺടാക്റ്റ്ലെസ് ഡെബിറ്റ് കാർഡുകളുടെ നിലവിലുള്ള വാർഷിക നിരക്കുകളും യുവ, ഗോൾഡ്, കോംബോ ഡെബിറ്റ് കാർഡുകൾക്കുള്ള വാർഷിക നിരക്കുകളുമാണ് ഉയരുക.

2024 ഏപ്രിൽ മുതൽ ക്ലാസിക് ഡെബിറ്റ് കാർഡുകളുടെ ആന്വൽ മെയിന്റനൻസ് ചാർജ് 200 രൂപയും ജിഎസ്ടിയുമായി വർധിക്കും. നിലവിൽ 125 രൂപയും ജിഎസ്ടിയും ചേർന്ന തുകയാണ് വാർഷിക നിരക്ക് ചാർജായി ഈടാക്കിയിരുന്നത്.

യുവ ഡെബിറ്റ് കാർഡുകൾക്ക് ആന്വൽ മെയിന്റനൻസ് ചാർജ് 250 രൂപയും ജിഎസ്ടിയുമായി ഉയരും. നിലവിൽ 175രൂപയും ജിഎസ്ടിയും ചേർന്ന തുകയാണ് നിലവിലുള്ള ആന്വൽ മെയിന്റനൻസ് ചാർജ്.

പ്രീമിയം ബിസിനസ് കാർഡ്‌പ്രൈഡ് പോലെയുള്ള പ്രീമിയം ബിസിനസ് ഡെബിറ്റ് കാർഡുകളുടെ ഉപഭോക്താക്കളിൽ നിന്നും ആന്വൽ മെയിന്റനൻസ് ചാർജ് ഇനത്തിൽ 350 രൂപയും ജിഎസ്ടിയുമാണ് നിലവിൽ ഈടാക്കുന്നത്. 2024 ഏപ്രിൽ മുതൽ വാർഷിക നിരക്ക് 425 രൂപയും ജിഎസ്ടിയുമായി ഉയരും.

മ്യൂച്ചൽ ഫണ്ട്

ഏപ്രിൽ 1 മുതൽ, കൈവൈസി പുതുക്കാത്ത നിക്ഷേപകർക്ക് മ്യൂച്ചൽ ഫണ്ട് ഇടപാടുകളൊന്നും ചെയ്യാൻ അനുവദിക്കില്ല. എസ്ഐപി, സിസ്റ്റമാറ്റിക് പിൻവലിക്കൽ പ്ലാൻ, മ്യൂച്ചൽ ഫണ്ട് യൂണിറ്റുകളുടെ വിൽപ്പന എന്നിവയിലും ഇത് ബാധകമാണ്. ആധാർ കാർഡ്, പാസ്‌പോർട്ട്, വോട്ടർ ഐഡി കാർഡ് എന്നിവയിൽ ഏതെങ്കിലും ഉപയോ​ഗിച്ചാണ് പുതുക്കേണ്ടത്. ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും യൂട്ടിലിറ്റി ബില്ലുകളും ഉപയോ​ഗിച്ച് നടത്തിയ കെവൈസി ഈ സമയപരിധിക്ക് ശേഷം സാധുതയുള്ളതല്ല.

ഫാസ്ടാ​ഗ്

കാറിൻ്റെ ഫാസ്‌ടാഗിൻ്റെ കെവൈസി ബാങ്കുമായി അപ്‌ഡേറ്റ് ചെയ്‌തിട്ടില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വരാം.ബാങ്കുകൾ നിർജ്ജീവമാക്കുന്നത് ഒഴിവാക്കാൻ മാർച്ച് 31-ന് മുമ്പ് ഫാസ്ടാഗിനുള്ള കെവൈസി പ്രക്രിയ പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. അപ്‌ഡേറ്റ് ചെയ്ത കെവൈസി ഇല്ലാതെ, പേയ്‌മെൻ്റുകൾ നടക്കില്ല. ടോൾ പ്ലാസകളിലെ സുഗമമായ ഇടപാടുകൾക്കായി ആർബിഐ നിയമങ്ങൾ പാലിക്കണമെന്ന് ദേശീയപാത അതോറിറ്റി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *