ആലുവ: ആലുവയില്‍ നിന്ന് പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ ഉപേക്ഷിച്ച കാര്‍ വാടകയ്ക്ക് എടുത്തത് എഎസ്ഐ ആണെന്ന് കണ്ടെത്തി. ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കഴക്കൂട്ടം കണിയാപുരത്താണ് പ്രതികള്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ഇന്നലെ രാവിലെയാണ് ആലുവ റെയില്‍വേ സ്റ്റേഷന് പരിരസരത്തുവച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയത്.
കഠിനംകുളം പൊലീസും ഫൊറന്‍സിക് വിദഗ്ദരുമെത്തി വാഹനം പരിശോധിച്ചപ്പോഴാണ് പത്തനംതിട്ട എആര്‍ ക്യാംപിലെ എഎസ്ഐ വാടകയ്ക്കെടുത്ത കാറാണെന്ന് മനസിലായത്. പൊലീസുകാരനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയാണ്. യുവാവിനെ ഇതുവരെ കണ്ടെത്താനായില്ല. പ്രതികളെന്ന് സംശയിക്കുന്ന ചിലരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും മാസ്ക് കൊണ്ട് മുഖം മറിച്ച നിലയിലാണ്.
ഇന്നലെ രാവിലെയാണ് റെയില്‍വേ സ്റ്റേഷന് പരിസരത്ത് കാറിലെത്തിയ സംഘം വഴിയരികില്‍ നിന്ന യുവാവിനെ ബലമായി കാറിലേക്ക് വലിച്ചുകയറ്റി വേഗത്തില്‍ കടന്നുകളഞ്ഞത്. ഓട്ടോ ഡ്രൈവര്‍മാരാണ് പൊലീസിനെ വിവരമറിയിച്ചത്. നാലുദിവസം മുമ്പ് ആലുവയെ നടുക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി ഒടുവില്‍ ആലപ്പുഴയില്‍ ഉപേക്ഷിച്ച കേസില്‍ അന്വേഷണം തുടരുന്നുതിനിടെയാണ് വീണ്ടും സമാന സംഭവം.