വിദ്യാർത്ഥി ശാക്തീകരണം;ജില്ലാ പഞ്ചായത്തിൻ്റെ ലെസ്സൺ പദ്ധതി തുടങ്ങി

Wayanad

മുഴുവൻ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ പദ്ധതി നടപ്പിലാക്കും

വയനാട് ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പട്ടികവർഗ്ഗ പട്ടികജാതി കുട്ടികൾക്കുള്ള വ്യക്തിത്വ വികസനം മോട്ടിവേഷൻ ലൈഫ് സ്കിൽ കരിയർ ഗൈഡൻസ് ക്ലാസ്സുകളുടെ ജില്ലാതല ഉദ്ഘാടനം നടന്നു. തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.കരിയർ ഗൈഡൻസ് ജില്ലാ കൺവീനർ കെ.ബി.സിമിൽ പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ ലോഗോ പ്രകാശനം തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ സി.ഇ.ഫിലിപ്പിന് നൽകി പ്രകാശനം ചെയ്തു

ജില്ലാ പഞ്ചായത്തിൻ്റെ വിദ്യാഭ്യാസ വികസന പദ്ധതിയായ സമഗ്രയുടെ ഭാഗമായാണ് ലെസ്സൺ (ലെസ്സൺ – ലെറ്റ്സ് എംപവർ സ്കൂൾ സ്റ്റുഡന്റ്സ് ഓഫ് അവർ നെയ്ബർഹുഡ് ) വിദ്യാർത്ഥി ശാക്തീകരണ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ മുഴുവൻ ഹൈസ്ക്കൂളുകളിലും ഹയർ സെക്കണ്ടറി സ്കൂളുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ജില്ലയിലെ പട്ടികവർഗ്ഗ – ജാതി വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് കുറയ്ക്കുന്നതിനും അവരെ വിദ്യാലയത്തലേക്ക് ആകർഷിക്കുന്നതിനും സഹായകരമാകും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ തൊഴിൽ സാധ്യതകളും കരിയറും പരിചയപ്പെടുത്തുന്നതിന് കരിയർ കാരവൻ എന്ന പരിപാടി നടപ്പിലാക്കും. വിദ്യാർത്ഥികൾക്ക് തുടർച്ചയായി പിന്തുണ സംവിധാനം ഒരുക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. പരിശീലനം ലഭിച്ച 21 റിസോഴ്സ് പേഴ്സൺമാരാണ് ലെസ്സൺ പദ്ധതിയിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഉഷ തമ്പി, സീതാ വിജയൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ മീനാക്ഷി രാമൻ, ബീന ജോസ്, എ.എൻ സുശീല, തരിയോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷമീം പാറക്കണ്ടി, ഹെഡ്മിസ്ട്രസ് ഉഷ കുനിയിൽ, പി.ടി.എ. പ്രസിഡണ്ട് കെ.എ. വിശ്വനാഥൻ, കരിയർ ഗൈഡൻസ് ജില്ലാ ജോ. കോഡിനേറ്റർ മനോജ് ജോൺ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്ര വ്യാസ്, സ്കൂൾ പ്രിൻസിപ്പാൾ എ.എം.ബെന്നി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *