ഐ എൽ ഒ -ബി എം എസ് സംയുക്ത പരിശീലന ക്യാമ്പ് സംഘടിപ്പിക്കും

Wayanad

കൽപ്പറ്റ: തേയില, കാപ്പി പ്ലാന്റേഷനുകളിലെ തൊഴിലാളികളുടെ ഒക്കുപേഷൻ സേഫ്റ്റി ആൻഡ് ഹെൽത്ത്, ജെൻഡർ ഇക്വാലിറ്റി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും, ഭാരതീയ മസ്ദൂർ സംഘം (ബിഎംഎസ്) കേരളവും സംയുക്തമായി റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 31, നവംബർ 1 തീയതികളിലായി കൽപ്പറ്റ ഗ്രീൻ ഗേറ്റ്സിൽ വച്ച് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട തൊഴിലുടമ-തൊഴിലാളി യൂണിയൻ പ്രതിനിധികൾക്കായി പരിശീലന ക്യാമ്പ് നടത്തുമെന്ന് പ്രോജക്ട് ജില്ലാ കോ- ഓർഡിനേറ്ററും പ്ലാന്റേഷൻ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ടുമായ പി കെ മുരളീധരൻ അറിയിച്ചു. ഭാരതത്തിൽ അസാം, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ പ്ലാന്റേഷൻ സംസ്ഥാനങ്ങളെയാണ് ഐ എൽ ഒ തെരഞ്ഞെടുത്തിട്ടുള്ളത്. കേരളത്തിൽ ഇടുക്കി,വയനാട് ജില്ലകളാണ് ഐ എൽ ഒ ഇതിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. വയനാട് ജില്ലയിലെ വൈത്തിരി, മാനന്തവാടി താലൂക്കുകൾ കേന്ദ്രീകരിച്ച് രൂപീകരിച്ചിട്ടുള്ള 60 ക്ലസ്റ്റർ കമ്മിറ്റികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 60 പ്രതിനിധികൾക്കാണ് പരിശീലനം നൽകുന്നത്. വയനാട് ജില്ലയിൽ ആദ്യമായാണ് തോട്ടം വ്യവസായത്തിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും, ആരോഗ്യവും, ലിംഗ സമത്വവും ഉറപ്പുവരുത്തുന്ന തിനായുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഈ പ്രോജക്ടിലൂടെ തൊഴിലാളികളുടെ പ്രശ്നങ്ങൾ അന്താരാഷ്ട്രതലത്തിൽ ചർച്ചയാകുന്നതിനും, കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാക്കുവാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *