കൽപ്പറ്റ : ഗുണമേന്മയിൽ ലോക നിലവാരം പുലർത്തിയ വയനാടൻ റോബസ്റ്റ കാപ്പി അർഹമായ രീതിയിൽ പ്രചരിപ്പിക്കുമെന്ന് കോഫി ബോർഡ് സെക്രട്ടറി എൻ. ജഗദീഷ ഐ.എ.എസ്. പറഞ്ഞു. കർഷകരുടെ തോട്ടങ്ങളിൽ ഗവേഷണം നടത്തി മാതൃകാ കാപ്പി തോട്ടങ്ങൾ വികസിപ്പിക്കുകയും ചെയ്യുമെന്ന് കോഫി ബോർഡ് സെക്രട്ടറിയും സി. ഇ. ഒ. യുമായ എൻ. ജഗദീഷ പറഞ്ഞു. ആദ്യമായി വയനാട്ടിലെത്തിയ അദ്ദേഹം വിവിധ കാപ്പിത്തോട്ടങ്ങൾ സന്ദർശിച്ച ശേഷം കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകകയായിരുന്നു .
ബാഗ്ളൂരിൽ നടന്ന അന്താ രാഷ്ട്ര കാപ്പി സമ്മേളനം ചെറുകിട നാമ മാത്ര കാപ്പി കർഷകർക്ക് ഒരവസരമായിരുന്നു. ഇന്ത്യയിൽ ഈ സമ്മേളനം കണ്ടറിഞ്ഞ് അവർക്ക് ഏറെ പഠിക്കാൻ കഴിഞ്ഞു. ഈ അനുഭവ പാഠം ഉൾകൊണ്ട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ മാതൃകാ പദ്ധതികളുമായി വന്നാൽ കോഫി ബോർഡിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് സെക്രട്ടറി ജഗദീഷ പറഞ്ഞു.
മറ്റു രാജ്യങ്ങൾക്കൊപ്പം ലോക വിപണിയിൽ മത്സരിക്കാൻ ഉള്ള അവസരങ്ങളും കർഷകർക്കായി ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ ഉയർന്ന കാപ്പി വില താൽക്കാലിക സന്തോഷം മാത്രമാണ് .ഉയർന്ന വിലയും വരുമാന സ്ഥിരതയും ഉണ്ടാകണമെങ്കിൽ വിളവെടുപ്പിലും വിളവെടുപ്പാനന്തരവും കർഷകർ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തണലിൽ വളരുന്നുവെന്നതാണ് വയനാടൻ റോബസ്റ്റ കാപ്പിയുടെ പ്രത്യേകത. തണലിൽ വിളയുന്ന റോബസ്റ്റ കാപ്പിക്ക് ആഗോള തലത്തിൽ ഉയർന്ന ഡിമാൻഡ് ഉണ്ട്. എന്നാൽ ഗുണമേന്മ വർദ്ധിപ്പിച്ചാൽ കൂടിയ വില ലഭിക്കും. ഗവേഷണ പരമായ ആശയങ്ങൾ കൊണ്ട് വരുന്ന സംരംഭകരെയും കർഷകരെയും കോഫി ബോർഡ് സഹായിക്കും. ലോകത്ത് ഇന്ത്യ ഉൾപ്പടെ മൂന്ന് രാജ്യങ്ങളിലാണ് കാപ്പിയിൽ പ്രധാനമായും ഗവേഷണം നടക്കുന്നത്. ഇന്ത്യയിൽ കോഫി ബോർഡിൻ്റെ തോട്ടങ്ങളിൽ മാത്രമാണ് ഗവേഷണം ഇതു വരെ നടന്നിരുന്നത് – ഈ വർഷം മുതൽ ഗവേഷണം കർഷകരുടെ തോട്ടങ്ങളിലേക്കും വ്യാപിപ്പിക്കും. താൽപ്പര്യമുള്ളവർ കോഫി ബോർഡിനെ സന്നദ്ധത അറിയിക്കണം. വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ നൂതനമായ ചില ആശയങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടന്നും ഇക്കാര്യത്തിൽ ഒരു മാസ്റ്റർ പ്ലാൻ ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പത്ര സമ്മേളനത്തിൽ കോഫി ബോർഡ് ജോയിൻ്റ് ഡയറക്ടർ ഡോ. എൻ. കറുത്ത മണി, കോഫി ബോർഡ് മെമ്പർമാരായ അരിമുണ്ട സുരേഷ്, കെ. കെ. മനോജ് കുമാർ എന്നിവരും സന്നിഹിതരായിരുന്നു.