തൃശൂർ: 65-ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് തൃശ്ശൂരിൽ ഇന്ന് തിരിതെളിയും. തേക്കിൻകാട് മൈതാനിയിൽ വെച്ച് മന്ത്രി ആർ ബിന്ദു മുൻ ഫുട്ബോൾ താരം ഐഎം വിജയന് ദീപശിഖ കൈമാറിക്കൊണ്ട് ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്യും. വിളംബര ജാഥയിൽ ആയിരത്തോളം സ്പോർട്സ് താരങ്ങൾ പങ്കെടുക്കും. കായികമേളയുടെ ഉദ്ഘാടനം 17ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.
കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയമാണ് 65-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വേദിയാകുന്നത്. കായികമേളയോട് അനുബന്ധിച്ചുള്ള ദീപശിഖ പ്രയാണം ഇന്ന് രാവിലെ 8.30ന് തേക്കിൻ കാട് മൈതാനിയിലെ തെക്കേഗോപുരനടയിൽ നിന്നും ആരംഭിക്കും. ദീപശിഖ പ്രയാണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി ആർ ബിന്ദു, മുൻ ഫുട്ബോൾ താരം ഐ എം വിജയൻ, ടി എൻ പ്രതാപൻ എം പി, മേയർ എം കെ വർഗീസ് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.
തെക്കേഗോപുര നടയിൽ നിന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണം 15 സ്കൂളുകളിൽ നിന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങിയതിനു ശേഷം കുന്നംകുളം നഗരം ചുറ്റി കായികോത്സവ വേദിയിൽ എത്തിച്ചേരും. ഇന്ന് ടീമുകളുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കി നാളെ മത്സരങ്ങൾക്ക് തുടക്കമാകും.ആറ് കാറ്റഗറികളിലായി 3000ത്തിൽ കൂടുതൽ മത്സരാർത്ഥികൾ കായികമേളയുടെ ഭാഗമാകും. സമാപന സമ്മേളനം 20ന് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും