ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം. സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യക്ക് സ്വര്‍ണം നേടിക്കൊടുത്തത്. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമാണിത്.
ഫൈനലില്‍ ദക്ഷിണ കൊറിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം. ദക്ഷിണ കൊറിയയുടെ ചോയി സോള്‍ഗ്യു- കിം വോന്‍ഹോ സഖ്യത്തെ 21-18, 21-16 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ 26-ാം സ്വര്‍ണമാണിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 101 ആയി.
ഗെയിംസിന്റെ 14-ാം ദിനം ഇന്ത്യ നേടുന്ന ആറാമത്തെ മെഡലാണിത്. നേരത്തെ അമ്പെയ്ത്തില്‍ ഇരട്ടസ്വര്‍ണമടക്കം നാല് മെഡലുകളും കബഡിയില്‍ സ്വര്‍ണവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. അമ്പെയ്ത്തില്‍ പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. ഓജസ് പ്രവീണാണ് ഇന്ത്യയുടെ 24-ാം സ്വര്‍ണമെഡല്‍ നേടിയത്. ഫൈനലില്‍ ഇന്ത്യയുടെ തന്നെ അഭിഷേക് വര്‍മ്മയെ പരാജയപ്പെടുത്തിയതോടെയാണ് സ്വര്‍ണവും വെള്ളിയും ഇന്ത്യ സ്വന്തമാക്കിയത്.
അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം സ്വര്‍ണമെഡല്‍ സ്വന്തമാക്കി. ഫൈനലില്‍ കൊറിയയെ 149-145 എന്ന സ്കോറിന് തകര്‍ത്താണ് ഇന്ത്യ ഒന്നാമതെത്തിയത്. ഇതേയിനത്തില്‍ ഇന്ത്യ വെങ്കലവും നേടിയിട്ടുണ്ട്. ഇന്ത്യയുടെ അതിഥി സ്വാമിയാണ് വെങ്കലം കരസ്ഥമാക്കിയത്. ഇന്തോനേഷ്യയെ 146-140 ന് തകര്‍ത്താണ് ഇന്ത്യന്‍ താരം മൂന്നാമതെത്തിയത്.
വനിതകളുടെ കബഡിയില്‍ സ്വര്‍ണം നേടിയതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 100ലേക്ക് എത്തിയിരുന്നു. ഫൈനലില്‍ ചൈനീസ് തായ്പേയിയെ 26-25 എന്ന സ്കോറിന് തകര്‍ത്തായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ 26 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കം ഇന്ത്യ 101 മെഡല്‍ നേടി നാലാം സ്ഥാനത്താണ് ഇന്ത്യ.