തിരുവനന്തപുരം: ഡൽഹിയിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് എന്ന ഷാഫി ഉസാമ കേരളത്തിലുമെത്തിയതായി വിവരം. ഇയാൾ കേരളത്തിലെത്തി വനത്തിലാണ് തമ്പടിച്ചത്. അക്രമം നടത്തുന്നതിന് വേണ്ടി കുക്കർ, ഗ്യാസ് സിലിണ്ടർ, ഐഇഡി എന്നിവയുപയോഗിച്ച് സ്ഫോടനം നടത്തി പരിശീലിച്ചു. ആളൊഴിഞ്ഞ കൃഷിഭൂമിയിലും വനത്തിലും പരിശീലനം നടത്തിയെന്നും സ്പെഷ്യൽ സെൽ വൃത്തങ്ങൾ അറിയിച്ചു.
ഐഎസ് പതാക വച്ച് ഷാഫി ഉസാമ ഫോട്ടോകൾ എടുത്തു. ഈ ഫോട്ടോ കണ്ടെത്തിയതായും സ്പെഷ്യൽ സെൽ വൃത്തങ്ങൾ പറഞ്ഞു.
പൂനെ ഐഎസ്ഐഎസ് കേസിൽ പ്രതിയായ ഇയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ഡൽഹിയിൽ വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലാകുന്നത്. എൻഐഎ മൂന്ന് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഭീകരനാണ് പിടിയിലായ ഷാഫി ഉസാമ. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഇയാൾ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നു എന്നാണ് വിവരം.
ഡൽഹിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. വാഹനമോഷണക്കേസിൽ ഇയാളെ ജൂലൈയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ രണ്ട് കൂട്ടാളികളെ പിടികൂടി. ഇതോടെയാണ് ഐഎസ് ബന്ധം പുറത്തറിയുന്നത്.