കൽപ്പറ്റ: ഹോട്ടല്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന് ‘കെ.എച്ച്.ആര്.എ സുരക്ഷ’ എന്ന പേരില്‍ മരണാനന്തര സഹായ പദ്ധതി നടപ്പാക്കുന്നു. 2,000 രൂപ അടച്ച് പദ്ധതിയില്‍ അംഗമാകുന്ന ഹോട്ടല്‍ ഉടമയോ തൊഴിലാളിയോ മരിച്ചാല്‍ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നല്‍കുന്നതാണ് പദ്ധതിയെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം അസോസിയേഷന് ഭാരവാഹികൾ വയനാട്ടിൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അമ്പലവയലില്‍ ചേര്‍ന്ന അസോസിയേഷന് ദ്വിദിന എക്സിക്യുട്ടീവ് കമ്മിറ്റി യോഗമാണ് പദ്ധതിക്കു രൂപം നല്‍കിയത്. ഈ വര്‍ഷം തന്നെ പ്രാവര്‍ത്തികമാക്കും. പദ്ധതി ഗുണഭോക്താവ് മരിച്ചാല്‍ മറ്റംഗങ്ങള്‍ 100 രൂപ വീതം അസോസിയേഷനു ലഭ്യമാക്കും. ഈ തുകയും ചേര്‍ത്താണ് 10 ലക്ഷം രൂപ കുടുംബത്തിനു നല്‍കുക. നിലവില്‍ സംസ്ഥാന വ്യാപകമായി 60,000 ഓളം അംഗങ്ങള്‍ അസോസിയേഷനുണ്ട്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഹോട്ടല്‍ ഉടമയോ തൊഴിലാളിയോ മറ്റു ഉപജീവന മാര്‍ഗത്തിലേക്കു തിരിഞ്ഞാലും മരണാനന്തരം കുടുംബത്തിനു സഹായം ലഭിക്കും.
മരണാനന്തര സഹായ പദ്ധതി ആരംഭിച്ച് രണ്ട് വര്‍ഷത്തിനകം ചികിത്സാസഹായ പദ്ധതിക്കു രൂപം നല്‍കും.
പാത്രം കൊണ്ടുവന്ന് ഭക്ഷണം പാഴ്സല്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വിലയില്‍ അഞ്ച് മുതല്‍ 10 വരെ ശതമാനം ഇളവ് അനുവദിക്കാന്‍ യോഗം തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. ഹോട്ടലുകളില്‍ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായാണിത്. പ്ലാസ്റ്റിക് ഒഴിവാക്കി പാഴ്സലുകള്‍ക്കായി ഏകീകൃത പാത്രം പദ്ധതി നടപ്പാക്കുന്നതിനു നീക്കം പുരോഗതിയിലാണ്. പാത്രം, കണ്ടെയ്നര്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തിവരികയാണ്. ഒരു ഹോട്ടലില്‍നിന്നു പാഴ്സല്‍ വാങ്ങുമ്പോള്‍ പാത്രത്തിനു നല്കുന്ന വില അസോസിയേഷന് അംഗ്വതമുള്ള ഏത് ഹോട്ടലില്‍നിന്നും തിരികെ ലഭ്യമാക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. തദ്ദേശ സ്ഥാപന അധികൃതര്‍ ഹോട്ടലുകളില്‍ അനാവശ്യ പരിശോധന നടത്തി വന്‍ തുക പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും അസോസിയേഷന് ഭാരവാഹികളായ സംസ്ഥാന പ്രസിഡന്റ് ജി.ജയപാല്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ പ്രസാദ് ആനന്ദ്ഭവന്, സി.ബിജുലാല്‍, ജനറല്‍ സെക്രട്ടറി കെ.പി.ബാലകൃഷ്ണ പൊതുവാള്, സെക്രട്ടറി അനീഷ് ബി.നായര്‍, വയനാട് ജില്ലാ പ്രസിഡന്റ് വിജു മന്ന, സെക്രട്ടറി സുബൈര്‍ മീനങ്ങാടി എന്നിവര്‍ ആവശ്യപ്പെട്ടു.