ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച: അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി

Kerala

ഇടുക്കി: ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച ഉണ്ടായതിനെ സംബന്ധിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവ് ഇറക്കി. സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് പാലക്കാട്‌ സ്വദേശി മുഹമ്മദ് നിയാസാണ് ഹൈമാസ് ലൈറ്റുകളിൽ താഴിട്ട് പൂട്ടുകയും, ഷട്ടർ റോപ്പിൽ ദ്രാവകം ഒഴിക്കുകയും ചെയ്തത്. സെപ്റ്റംബർ അഞ്ചിന് ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഇടുക്കി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇടുക്കി പോലീസിനായിരുന്നു നിലവിൽ അന്വേഷണ ചുമതല.

കഴിഞ്ഞാഴ്ച ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. യോഗത്തിൽ ജില്ല പോലീസ് മേധാവി, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുകയും ചെയ്തിരുന്നു. അന്നത്തെ യോഗത്തിൽ ഇടുക്കി ഡാമിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ കെഎസ്ഇബിയും പൊലീസും സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചിരുന്നു. അണക്കെട്ടിൽ നിലവിലുള്ള പരിശോധനകളുടെ ന്യൂനതകളും യോഗത്തിൽ ചർച്ചയായി. ഡാമിന്റെ പരിസരത്ത് കൂടുതല്‍ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും അണക്കെട്ട് പരിസരത്തുള്ള ഫെന്‍സിങ്ങിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.വിനോദസഞ്ചാരികള്‍ക്ക് ബോധവല്‍ക്കരണം നൽകുന്നതിനായി അറിയിപ്പ് ബോര്‍ഡുകളും ഡാമിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്

ഇതിനിടെ അണക്കെട്ടിൽ കടന്ന ഒറ്റപ്പാലം സ്വദേശിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് തുടരുകയാണ്. സ്വമേധയാ വരാൻ തയ്യാറായില്ലെങ്കിൽ മറ്റ് വഴികൾ തേടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇയാൾ വിദേശത്തേക്ക് കടന്നുകളഞ്ഞിരുന്നു. ഇയാൾ ഡാമിൽ കടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ് പൊലീസുകാരെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. ഇടുക്കി എആർ ക്യാമ്പിലെ പോലീസുകാരായ രാജേഷ് കെ, ബിനോജ് വി എ, അബ്ദുൾ ഗഫൂർ, സുരേന്ദ്രൻ പി ആർ, അജേഷ് കെ ജി, മനു ഒ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സന്ദർശകരെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് കടത്തി വിടേണ്ടത്. എന്നാൽ മുഹമ്മദ് നിയാസിനെ പരിശോധനകൾ ഇല്ലാതെ കടത്തി വിട്ടുവെന്ന് അഡീഷണൽ എസ്‌പി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *