ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് വെള്ളി മെഡലോടെ തുടക്കം. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിലാണ് ഇന്ത്യൻ നേട്ടം. സരബ്ജോത് സിംഗ് – ടി എസ് ദിവ്യ സഖ്യമാണ് ഇന്ത്യയ്ക്ക് വെള്ളി മെഡൽ നേടിത്തന്നത്. സ്വർണമെഡലിനായുള്ള പോരാട്ടത്തിൽ ചൈനയുടെ ഷാങ് ബോവൻ-ജിയാങ് റാൻക്സിൻ സഖ്യത്തോട് കടുത്ത പോരാട്ടം നേരിട്ട ശേഷമാണ് ഇന്ത്യൻ താരങ്ങൾ രണ്ടാമതായത്. സ്കോർ 14-16.
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ 19-ാം മെഡലാണിത്. ആകെ ഇന്ത്യയ്ക്ക് 34 മെഡലുകളായി. എട്ട് സ്വർണവും 13 വെള്ളിയും 13 വെങ്കലവും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.
ഏഷ്യൻ ഗെയിംസിൽ മെഡൽ പ്രതീക്ഷകൾ ഉയർത്തി മലയാളി താരങ്ങളായ മുരളി ശ്രീശങ്കറും ജിൻസൺ ജോൺസണും ഫൈനലിന് യോഗ്യത നേടി. പുരുഷന്മാരുടെ ലോങ് ജമ്പിലാണ് മലയാളി താരം മുരളീ ശ്രീശങ്കർ ഫൈനലിൽ കടന്നത്. 1500 മീറ്റർ ഓട്ടമത്സരത്തിൽ ജിൻസൺ ജോൺസണും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ലോങ്ജമ്പിൽ ജെസ്വിൻ ആൽഡ്രിനും 1500 മീറ്ററിൽ അജയ് കുമാർ സരോജും ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളാണ്