ശരീരത്തിലും ബെഡ്ഷീറ്റിനുള്ളിലും സ്വർണം; കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയപ്പോള്‍ ക്വട്ടേഷൻ ടീമുമായി പിടിവലി

Kerala

കരിപ്പൂര്‍: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ആറ് പേരിൽ നിന്നായി അഞ്ചരക്കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യാനെത്തിയ സംഘത്തിലെ ഒരാളും പിടിയിലായിട്ടുണ്ട്. വിപണിയിൽ മൂന്ന് കോടി രൂപ വിലവരുന്ന സ്വർണമാണ് തിങ്കഴാഴ്ച പിടിച്ചെടുത്തത്.

കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൽ സക്കീർ എന്നിവരാണ് വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പരിശോധനയിൽ കുടുങ്ങിയത്. റിയാദിൽ നിന്നെത്തിയ മുഹമ്മദ് ബഷീറും ദോഹയിൽ നിന്നെത്തിയ അസീസും ജിദ്ദയിൽ നിന്നെത്തിയ അബ്ദുൾ സക്കീർ,സമീർ എന്നിവർ ശരീരത്തിൽ ക്യാപ്‍സ്യൂളുകളായി ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.

ദുബായിൽ നിന്നി വന്ന മുഹമ്മദ് മിഥിലാജ് ബെഡ്ഷീറ്റിനുള്ളിൽ സ്വ‌ർണം പൂശിയ പേപ്പർ ഷീറ്റുകളാണ് വിദഗ്ധമായി ഒളിപ്പിച്ചിരുന്നത്. എന്നാൽ കോഴിക്കോട് കക്കട്ടിൽ സ്വദേശി ലിഗേഷ് കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും ക്വട്ടേഷൻ സംഘത്തിന് മുന്നിൽ കുടുങ്ങി. സ്വർണത്തിന് വേണ്ടിയുള്ള അടിപിടി ശ്രദ്ധയിൽപ്പെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ലിഗേഷനെയും ക്വട്ടേഷൻ സംഘത്തിലെ ഒരാളായ ആഷിഫിനെയും പിടിച്ചു.

സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ക്വട്ടേഷൻ സംഘത്തിലെ നാല് പേർ ഓടി രക്ഷപ്പെട്ടു. ആഷിഫിനെ പൊലീസിനും ലിഗേഷിനെ കസ്റ്റംസിനും കൈമാറിയിട്ടുണ്ട്. സ്വര്‍ണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷൻ സംഘത്തിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

ഏതാനും ദിവസം മുമ്പ് സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 29 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയിരുന്നു. ദുബായിൽ നിന്നും എത്തിയ തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ യുവതി വിമാനത്താവളത്തിലെ ഗ്രീൻ ചാനലിലൂടെയാണ് പുറത്തേക്ക് കടക്കാൻ ശ്രമിച്ചത്. എന്നാല്‍ ഇവരില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ ദേഹപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത് കണ്ടെത്തിയത്. സാനിറ്ററി പാഡിന് അകത്ത് ഇവർ 679 ഗ്രാം സ്വർണം ഇവര്‍ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. പരിശോധനയിലൂടെ കസ്റ്റംസ് ഇത് കണ്ടെത്തി. തുടര്‍ന്ന് ഇവരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *