ഗോവന്‍ ടൂര്‍ കഴിഞ്ഞ മടങ്ങുമ്പോള്‍ മദ്യക്കടത്ത്; 50 കുപ്പികളുമായി കോളേജ് പ്രിന്‍സിപ്പലടക്കം 4 പേര്‍ പിടിയില്‍

Kerala

എറണാകുളം: ഗോവന്‍ ടൂര്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ടൂറിസ്റ്റ് ബസില്‍ നിന്ന് മദ്യം പിടികൂടിയതായി എക്‌സൈസ്. സംഭവത്തില്‍ ടിടിസി പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ടിടിസി വിദ്യാര്‍ഥികളും അധ്യാപകരും ഗോവയില്‍ ടൂര്‍ പോയി മടങ്ങി വന്ന ബസിന്റെ ലഗേജ് അറയില്‍ നിന്നുമാണ് മദ്യം കണ്ടെത്തിയത്. സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍, ബസ് ഡ്രൈവര്‍, ക്ലീനര്‍, ടൂര്‍ ഓപ്പറേറ്റര്‍ എന്നിവരുടെ ബാഗുകളില്‍ സൂക്ഷിച്ച നിലയില്‍ 50 കുപ്പി (31.85 ലിറ്റര്‍) ഗോവന്‍ മദ്യമാണ് പരിശോധനയില്‍ കണ്ടെത്തിയതെന്ന് എക്‌സൈസ് അറിയിച്ചു.

സംസ്ഥാന എക്‌സൈസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച രഹസ്യ വിവരം എറണാകുളം ഡിവിഷനിലേക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് എറണാകുളം സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സജീവ് കുമാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു വാഹന പരിശോധന. കേരള അബ്കാരി നിയമം 58-ാം വകുപ്പ് പ്രകാരം കേരളത്തില്‍ വില്പന അനുമതി ഇല്ലാത്ത മദ്യം സൂക്ഷിക്കുന്നത്, പത്ത് വര്‍ഷം വരെ ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന, ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണെന്ന് എക്‌സൈസ് പറഞ്ഞു. എറണാകുളം സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിപിന്‍ പുഷ്പാംഗതന്‍, ഇഷാല്‍ അഹമ്മദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ രഞ്ജിനി, ഡ്രൈവര്‍ ദീപക് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *