കടം കൊടുത്ത 25000 രൂപ തിരികെ ചോദിച്ചു, യുവാവിനെ കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ട് കൊന്ന് സുഹൃത്തുക്കൾ

Kerala

തിരുവനന്തപുരം: പാലോട് പെരിങ്ങമ്മലയിൽ യുവാവ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരൻ സുഭാഷ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചത്. സാമ്പത്തിക തർക്കത്തെ തുടർന്ന് സുഹൃത്തുക്കളായ രണ്ട് പ്രതികള്‍ ചേർന്ന് സുഭാഷിനെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നും തള്ളിയിട്ടതാണെന്ന് പാലോട് പൊലീസ് പറഞ്ഞു. ലോറി ഡ്രൈവർ ബിജുവിനെയും കൂട്ടുപ്രതി സബിനെയും പാലോട് പൊലീസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് താന്നിമൂട്ടിലെ ഒരു കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ നിലയില്‍ സുഭാഷിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യയുമായി പിണങ്ങി സുഭാഷ് വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീട്ടിൽ സുഭാഷ് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുമായിരുന്നുവെന്ന് മനസിലാക്കിയ പൊലീസ് വിശദമായി അന്വേഷണം തുടങ്ങി.

സുഭാഷിനൊപ്പം മദ്യപിക്കാറുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് രണ്ട് പേർ രാത്രിയില്‍ വീട്ടിൽ വന്നിരുന്നതായി മൊഴി നൽകി. ബൈക്കിലെത്തി മടങ്ങിയ എറണാകുളം സ്വദേശിയും ലോറി ഡ്രൈവറുമായ ബിജുവിനെയും സുഹൃത്തായ സബിനെയും കസ്റ്റഡിലെടുത്തു. ബിജു 25,000 രൂപ മരിച്ച സുഭാഷിൽ നിന്നും കടംവാങ്ങിയിരുന്നു. ഈ പണം സുഭാഷ് തിരികെ ചോദിച്ചു. അന്നേ ദിവസം രാത്രി പണത്തെ ചൊല്ലി തർക്കമുണ്ടായി. ബിജുവും സഹായിയും കൂടി വീട്ടിനു മുകളിൽ നിന്നും സുഭാഷിനെ താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പാലോട് പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *