തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമതും നാല് നിപ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോട് സന്ദർശിക്കും. അതിനിടെ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ചികിത്സയിലുള്ള ഒൻപത് വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
കോഴിക്കോട് നിപ സ്ഥീരീകരിച്ച സാഹചര്യത്തിലാണ് മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന് ജില്ലയിൽ എത്തുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംആർ സംഘവും കോഴിക്കോടെത്തും. പകർച്ചവ്യാധി പ്രതിരോധ വിദ്ഗ്ധരടങ്ങുന്നതാണ് മൂന്നാമത്തെ സംഘം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങള്‍ ഈ സംഘം നൽകും.
അതേസമയം നിപ റിപ്പോർട്ട് ചെയ്ത മേഖലയിൽ ജില്ലാ ഭരണ കൂടം നിയന്ത്രണങ്ങൾ കർശനമാക്കി. മരുതോങ്കര, ആയഞ്ചേരി, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, കാവിലും പാറ, വില്ല്യപ്പള്ളി പഞ്ചായത്തുകളിലെ ഭൂരിഭാഗം വാർഡുകളും കണ്ടൈൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. ഇതിനു പുറമേ ജില്ലയിൽ മാസ്ക് ധരിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തു പനി ബാധിച്ച മെഡിക്കൽ വിദ്യാർഥിയെയാണ് മെഡിക്കൽ കോളജ് ഐസലേഷനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ബിഡിഎസ് വിദ്യാർത്ഥിയാണ് നിരീക്ഷണത്തിൽ ഉള്ളത്. നിപ ആശങ്കകളുടെ പശ്ചാത്തലത്തിൽ കടുത്ത പനി ഉള്ളതിനാലാണ് വിദ്യാർഥിയെ പ്രത്യേക നിരീക്ഷണത്തിലാക്കിയത്. ശരീര സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.