ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ നിന്ന് നാലംഗ വന്യമൃഗവേട്ട സംഘത്തെ വനംവകുപ്പ് പിടികൂടി. ഇവരുടെ പക്കൽ നിന്ന് 120 കിലോയോളം മ്ലാവിന്‍റെ ഇറച്ചിയും തോക്കും പിടിച്ചെടുത്തിട്ടുണ്ട്. മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആന്‍റണി, പെരുവന്താനം സ്വദേശി ടോമി മാത്യു, പാമ്പനാർ കല്ലാർ സ്വദേശി ഷിബു എന്നിവരുൾപ്പെട്ട മൃഗവേട്ട സംഘമാണ് വനം വകുപ്പിന്‍റെ പിടിയിലായത്.
വണ്ടിപ്പെരിയാർ മഞ്ചുമല ഭാഗത്തു നിന്നാണ് എരുമേലി റേഞ്ച് ഓഫീസർ ബി ആർ ജയന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഈ ഭാഗത്ത് സ്ഥിരമായി മൃഗ വേട്ട നടക്കുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ രാത്രി സംഘം ഇവിടെത്തിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വേട്ടയാടിയ ഇറച്ചിയുമായെത്തിയ സംഘം പിടിയിലായത്.
വേട്ടക്ക് ഉപയോഗിച്ച തോക്കും തിരകളും 120 കിലോയോളം മ്ലാവിന്‍റെ ഇറച്ചിയും പിടികൂടി. ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഇരുപത് വർഷമായി വന്യമൃഗവേട്ട നടത്തുന്ന സംഘമാണ് പിടിയിലാത്. മൂന്നാഴ്ച മുമ്പും ഇവിടെ നിന്നും മ്ലാവിനെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയതായി പിടിയിലായവർ വനം വകുപ്പിനോട് സമ്മതിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ ഭാഗത്തെത്തിച്ചാണ് വിൽപ്പന നടത്തിയിരുന്നത്
ഇവരിൽ നിന്നും കാട്ടിറച്ചി വാങ്ങിയ 25 ഓളം പേരുടെ വിവരങ്ങളും വനം വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇറച്ചി വാങ്ങിയതായി സ്ഥിരീകരിച്ചാൽ ഇവരെയും അറസ്റ്റ് ചെയ്യും. ഇവർക്ക് സഹായം ചെയ്തവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. കാട്ടുപന്നിയുടെ ഇറച്ചി വില്‍ക്കുന്നതിനിടയിൽ നാലുപേർ കഴിഞ്ഞ ദിവസം തൃശൂരില്‍ പിടിയിലായിരുന്നു.
പൊന്നൂക്കര ചെമ്പകണ്ടം റോഡിൽ ഇരുട്ടാണി പറമ്പിൽ പ്രശാന്ത് (44), മങ്ങാട്ടുകാട്ടിൽ പൗളി (57), പുത്തൂർ കള്ളാടത്തിൽ റെജിൽകുമാർ (47), പുത്തൂർ പുത്തൻപറമ്പിൽ അബ്രഹാം (47) എന്നിവരാണ് പിടിയിലായത്. പ്രശാന്തും പൗളിയും എന്നിവർ പീച്ചി ഇറിഗേഷന്റെ കനാലിൽ ഇലക്ട്രിക് പോസ്റ്റിൽ നിന്നും അധികൃതമായി വൈദ്യുതി ഉപയോഗിച്ചാണ് പന്നിയെ പിടിച്ചത്.