കോഴിക്കോട്: മഞ്ഞപ്പട്ടുടുത്ത്, തലയിൽ മയിൽപ്പീലിയേന്തി കുസൃതിയായ ഉണ്ണിക്കണ്ണനായി കുഞ്ഞ് മുഹമ്മദ് യഹ്യാൻ, കൂടെ വീൽച്ചെയറുന്തി മകന്‍റെ മോഹങ്ങളെ മുന്നോട്ട് നടത്തി ഒരുമ്മയും. കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന ശോഭാ യാത്രയിൽ ഏവരുടെയും മനസു നിറച്ച കാഴ്ചയായിരുന്നു ഇത്. ഭിന്നശേഷികാരനായ വെസ്റ്റ്ഹിൽ സ്വദേശി മുഹമ്മദ് യഹ്യാന്‍റെ ആഗ്രഹമായിരുന്നു കണ്ണനായി ശോഭായാത്രയിൽ പങ്കെടുക്കണമെന്നത്, കൂട്ടായി ഉമ്മ വന്നതോടെ ആ മോഹം പൂവണിഞ്ഞു.
നടക്കാൻ പ്രയാസമുള്ള യഹ്യാൻ വീൽച്ചെയറിലാണ് ഉണ്ണിക്കണ്ണനായി അണിഞ്ഞൊരുങ്ങിയെത്തിയത്. ഉമ്മയ്ക്കൊപ്പം എത്തിയ യഹ്യാന് ആദ്യാനുഭവമായിരുന്നു ശോഭായാത്ര. മുഹമ്മദ് യഹ്യാന് ജന്മനാ ഉള്ളതാണ് വൈകല്യം. ഇപ്പോള്‍ മൂന്നാം ക്ലാസിലാണ്. നടക്കാൻ പ്രയാസമാണ്.എങ്കിലും അവന്‍റെ ആഗ്രഹങ്ങള്‍ക്ക് അതിരുകളുണ്ടായിരുന്നില്ല. തന്‍റെ പ്രായമുള്ള കുട്ടികള്‍ ഓടിച്ചാടി നടക്കുമ്പോള്‍ അവനും മാറി നിൽക്കാൻ തയ്യാറല്ല.
മുൻ വർഷങ്ങളിൽ റോഡരികിൽ നിന്ന് മാത്രം കണ്ടിട്ടുള്ള ശോഭായാത്രയിൽ അവനും പങ്കെടുക്കണം എന്നൊരു മോഹം. ആഗ്രഹം പഞ്ഞപ്പോള്‍ ഉമ്മ ഒപ്പം നിന്നു. മഞ്ഞപ്പട്ടും കിരീടവും മയിൽപ്പീലിയും ചൂടി ഉണ്ണിക്കണ്ണനായി ശോഭായാത്രയിൽ മുഹമ്മദ് യഹ്യാനുമെത്തി. മകന്‍റെ എന്ത് പറഞ്ഞാലും തങ്ങളാൽ ആവുന്നതാണെങ്കിൽ നടത്തിക്കൊടുകും. അവന്‍റെ മുഖത്തെ ചിരിയാണ് തങ്ങളുടെ സന്തോഷമെന്ന്
പറയുന്നു ഉമ്മ ഫരീ.