കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. സതീഷ് കുമാർ, പിപി കിരൺ എന്നിവരെയാണ് ഇന്നലെ ഇഡി അറസ്റ്റ് ചെയ്തത്. കരുവന്നൂർ ബാങ്കിൽ നിന്നും കോടിക്കണക്കിന് പണം തട്ടിയെടുത്ത കേസിൽ വർഷങ്ങൾക്ക് ശേഷമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ സതീഷ് കുമാർ, പി പി കിരൺ എന്നിവർക്ക് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നും സതീഷ് കുമാർ പ്രധാന പ്രതിയാണെന്നും എൻഫോഴ്സ്മെന്റ് അറിയിച്ചു.
കിരൺ കുമാർ പല പേരുകളിലായി 14 കോടി രൂപയാണ് തട്ടിയെടുത്തത്. കിരൺ തട്ടിയെടുത്ത ലോൺ തുക ഇടനിലക്കാരനായ സതീഷ് കുമാറിന് കൈമാറി. സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് കൂടുതലും നടന്നതെന്നും ഇഡി കണ്ടെത്തി. പല നേതാക്കളുടേയും ബിനാമിയായിരുന്നു സതീഷ് കുമാർ. കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. അറസ്റ്റിൽ ആയ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും ഇഡി അറിയിച്ചു.
സതീഷ് കുമാറും പിപി കിരണും ബിനാമി ഇടപാടുകാരാണെന്ന് നേരത്തെ ഇഡി കണ്ടെത്തിയിരുന്നു. ബാങ്കിൽ നിന്ന് 150 ലേറെ കോടി രൂപ ബെനാമി ലോൺ വഴി തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. ബെനാമി ലോൺ അനുവദിച്ചത് സിപിഎം സംസ്ഥാന സമിതി അംഗം എ.സി മൊയ്തീനിന്‍റെ നിർദ്ദേശ പ്രകാരമാണെന്നും ഇഡി വ്യക്തമാക്കിയിരുന്നു