അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും 2 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തി തരിയോട് ഗ്രാമപഞ്ചായത്ത് ‘സുരക്ഷ 2023’ ഇന്‍ഷുറന്‍സ് പദ്ധതി 100 ശതമാനം പൂര്‍ത്തീകരിച്ചു. ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും കേന്ദ്ര സർക്കാറിന്റെ സുരക്ഷാ പദ്ധതികളില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ഭാരതീയ റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലീഡ് ബാങ്ക് നടപ്പിലാക്കുന്ന ക്യാമ്പയിനാണ് സുരക്ഷ 2023. ഇരുപത് രൂപയുടെ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന അപകട ഇന്‍ഷൂറന്‍സ് കൂടാതെ 436 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷൂറന്‍സ് വാഗ്ദാനം ചെയ്യുന്ന പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയും സുരക്ഷ 2023 ല്‍ ഉള്‍പ്പെടുന്നുണ്ട്. ജനപ്രതിനിധികളുടെയും കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികളുടെയും നേതൃത്വത്തിലാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സുരക്ഷാ 2023 പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യ വാര്‍ഡായി തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാര്‍ഡിനെ മുമ്പ് പ്രഖ്യാപിച്ചിരുന്നു.
ലീഡ് ബാങ്കിന്റെ അനുമോദനപത്രം ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹനില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ഷീജ ആന്റണി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പുഷ്പ മനോജ്, ഷമീം പാറക്കണ്ടി, രാധാ പുലിക്കോട്, മെമ്പര്‍മാരായ കെ.വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്കല്‍, വത്സല നളിനാക്ഷന്‍, സിബിള്‍ എഡ്വേര്‍ഡ്, കെ.എന്‍ ഗോപിനാഥന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ബി ലതിക, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ കെ. ശശിധരന്‍ നായര്‍, ബാങ്ക് മാനേജര്‍മാരായ ജസി സക്കറിയ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രാധാ മണിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.