മലപ്പുറം: തൂവൂരിൽ സുജിതയെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി. വൻ ജനക്കൂട്ടമാണ് വീടിന് പരിസരത്ത് തടിച്ച് കൂടിയത്. തെളിവെടുപ്പിനിടെ പ്രതികളെ മർദ്ദിക്കാൻ ചിലർ ശ്രമിച്ചത് നേരിയ സംഘർഷമുണ്ടാക്കി. ചോദ്യം ചെയ്യലിന് ശേഷം നാളെ പ്രതികളെ കോടതിയിൽ ഹാജരാക്കും
വൻ ജനക്കൂട്ടത്തിനിടയിലൂടെയാണ് രാവിലെ ഒൻപത് കാലോടെ പ്രതികളെ തുവ്വൂരിൽ കൃത്യം നടന്ന വീട്ടിലെത്തിച്ചത്. പ്രധാന പ്രതികളായ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് ഷിഹാൻ എന്നിവർ കൊലപാതകം നടത്തിയതും തെളിവ് നശിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും പൊലീസിന് മുന്നിൽ വിവരിച്ചു. വിഷ്ണുവിന്റെ വീട്ടിലെ മുറിയിൽ വച്ച് പകൽ സുജിതയുടെ കഴുത്തിൽ കയർ മുറുക്കി കൊന്ന ശേഷം രാത്രിവരെ മൃതദേഹം കട്ടിലിന് അടിയിൽ സൂക്ഷിച്ചു. പിന്നീട് പ്രതികൾ, പട്ടിക്കൂടിന് സമീപത്തെ മാലിന്യ കുഴി വലുതാക്കി മൃതദേഹം മണ്ണിട്ട് മൂടി. കല്ലുകൾ നിരത്തി മറച്ചു വച്ചു. മൃതദേഹം സൂക്ഷിച്ച പായയും മൺവെട്ടിയും ഉൾപ്പെടെയുള്ള വസ്തുക്കൾ സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തി. പ്രതികളെ മർദ്ദിക്കാൻ ഒരുവിഭാഗം ആളുകൾ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി.
സുജിതയുടെ മൊബൈൽ ഫോൺ കുളത്തിൽ ഉപേക്ഷിച്ചെന്നാണ് മോഴി നൽകിയിരിക്കുന്നത്. ഇതും കണ്ടത്തേണ്ടതുണ്ട്. സുജിതയുടെ സ്വർണം വിറ്റ കടയിലും തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. സാമ്പത്തിക പ്രശ്നങ്ങൾ മാത്രമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കരുതുന്നില്ല. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് പൊലീസിൻ്റെ ആലോചന.