’14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഭാര്യയുടെ സഹായത്തോടെ ഗർഭഛിദ്രം’; ദില്ലി സംഭവത്തിൽ വനിതാ കമ്മിഷൻ കേസ്

Kerala

ദില്ലി: ദില്ലിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കമ്മീഷൻ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ദില്ലി വനിതാ ശിശു വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പ്രമോദാണ് അറസ്റ്റിലായത്.

ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി പീഡനം മൂടിവയ്ക്കാന്‍ ശ്രമിച്ചതിനാണ് പ്രമോദിന്റെ ഭാര്യ സീമാ റാണിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നുമാണ് പൊലീസ് വിശദീകരണം. ഇരുവര്‍ക്കുമെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഡപ്യൂട്ടി ഡയറക്ടറെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പിതാവ് മരിച്ചശേഷം ഉദ്യോഗസ്ഥന്റെ സംരക്ഷണയിലായിരുന്ന പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായതും ഗര്‍ഭിണിയായതും. പ്രതിയുടെ സുഹൃത്ത് കൂടിയായിരുന്നു പെൺകുട്ടിയുടെ പിതാവ്. 2020ലാണ് 14 -വയസുകാരിയായ പെണ്‍കുട്ടിയുടെ സംരക്ഷണം പ്രമോദ് ഏറ്റെടുക്കുന്നത്. പിതാവിന്റെ മരണത്തിന് പിന്നാലെ രക്ഷകര്‍തൃത്വം ഏറ്റെടുത്ത് പ്രമോദ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. 2020നും 2021നും ഇടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ സീമ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി പീഡനം മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചതിന് പിന്നാലെ അവശയായ കുട്ടിയെ അമ്മയെ വിളിച്ച് വരുത്തി ഒപ്പം വിടുകയായിരുന്നു ഉദ്യോഗസ്ഥനും കുടുംബവും ചെയ്തത്. പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഏറെക്കാലമായി ക്രൂരപീഡനത്തിന് ഇരയായതായി അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയും കുടുംബവും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. 17 വയസുകാരിയായ പെൺകുട്ടി ദില്ലിയിലെ ഒരു സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *