ദില്ലി: ദില്ലിയിലെ സിപിഎം ഓഫീസായ സുർജിത് ഭവനിൽ ജി 20 ക്കെതിരായി സംഘടിപ്പിക്കുന്ന വി ട്വന്റി എന്ന പരിപാടി പൊലീസ് തടഞ്ഞു. സുർജിത് ഭവന്റെ ഗേറ്റുകൾ പൂട്ടിയ പൊലീസ് അകത്തേക്കോ പുറത്തേക്കോ ആരെയും കടത്തി വിടുന്നില്ല. പരിപാടിക്ക് അനുമതി നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെയാരംഭിച്ച പരിപാടി തങ്ങളുടെ ഓഫീസിനുള്ളിൽ നടത്തുന്നതാണെന്നും പരിപാടിക്ക് അനുമതിയുടെ അവശ്യമില്ലെന്നുമാണ് സിപിഎം പ്രതിനിധികൾ പറയുന്നത്. പരിപാടിയിൽ ഇന്നലെ സിപിഎം നേതാവ് ബൃന്ദ കാരാട്ടും കോൺഗ്രസ് നേതാവ് ജയറാം രമേശും പോലെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു.
ജി 20 സമ്മേളനത്തിനെതിരെയാണ് സിപിഎം വി ട്വന്റി എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. പൊലീസ് തടഞ്ഞെങ്കിലും പരിപാടിയുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. ഓഫീസിന്റെയുള്ളിൽ പരിപാടി പുരോഗമിക്കുകയാണ്. വിവിധ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുകയാണെന്ന് സിപിഎം പ്രതിനിധികൾ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ഡിസിപിയെ കാണുമെന്നും സിപിഎം പ്രധിനിധികൾ കൂട്ടിചേർത്തു.
അതേ സമയം, പൊലീസ് നടപടിയെ സ്ഥലത്തെത്തിയ കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. പ്രതിപക്ഷത്തിനെതിരായ കേന്ദ്രത്തിന്റെ നടപടികളുടെ ഭാഗമാണ് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദില്ലി പൊലീസ് നീക്കമെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. സംഭവ സ്ഥലത്ത് സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുകയാണ്.