ന്യൂഡല്‍ഹി: നിര്‍ണായക ഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ ദൗത്യം. ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും വേര്‍പെട്ടു. ചന്ദ്രോപരിതലത്തിന്റെ 100 കിലോമീറ്റര്‍ മുകളിലെത്തിയശേഷമായിരുന്നു വേര്‍പെടല്‍. നിര്‍ണായക ഘട്ടം വിജയകരമായി പിന്നിട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു.
നാളെ വൈകീട്ട് നാലുമണിക്കാണ് ലാന്‍ഡറിന്റെ ഭ്രമണപഥം വീണ്ടും താഴ്ത്തുക. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പ്പെടുന്ന ലാന്‍ഡര്‍ പതിയെ താഴ്ന്നുതുടങ്ങുകയാണ് ചെയ്യുക. അടുത്ത ബുധനാഴ്ച ( ഓഗസ്റ്റ് 23) വൈകീട്ട് 5.47 നാണ് സോഫ്റ്റ് ലാന്‍ഡിങ്.
കഴിഞ്ഞ ദിവസമാണ് പേടകത്തെ വൃത്താകൃതിയിലേയ്ക്കുള്ള ഭ്രമണപഥത്തിലേക്ക് ഇറക്കുന്ന പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകം കടന്നു.
ലാൻഡിങ് മോഡ്യുള്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെട്ട ശേഷം വീണ്ടും ലാൻഡിങ് മോഡ്യൂളിനെ ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റും. ഡീ-ബൂസ്റ്റ് പ്രക്രിയ എന്ന ഈ പ്രക്രിയയിലൂടെ പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്കാണ് (30 കിമീ x 100 കിമീ) എത്തിക്കുക.
30 കിമീ ഉയരത്തില്‍ വെച്ച് പേടകത്തിന്‍റെ ചലന വേഗം കുറച്ച് ചന്ദ്രനില്‍ ഇറക്കുകയാണ് ഇനി ഏറ്റവും പ്രധാന ഘട്ടം. ഓഗസ്റ്റ് 23 നാണ് ലാന്റര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ജൂലായ് 14 നാണ് ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്.