കല്‍പ്പറ്റ : രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലച്ചുകൊണ്ട് തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നയമാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അഡ്വ: ടി സിദ്ദിഖ് എംഎല്‍എ. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന മഹാധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക തകര്‍ച്ച ലോക രാജ്യങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടപ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകരാതെ പിടിച്ചുനിന്നത് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശക്തി കൊണ്ടാണ്.ഈ സ്ഥാപനങ്ങളെയാണ് മോദി സര്‍ക്കാര്‍ യാതൊരു സഹായവും നല്‍കാതെ ശോഷിപ്പിക്കുകയും വില്പനയ്ക്ക് വയ്ക്കുകയും ചെയ്യുന്നത്. പെട്രോള്‍ ഡീസല്‍ വില നിയന്ത്രിക്കാന്‍ ഒരു പദ്ധതിയും ഇല്ല. വിലക്കയറ്റം അനിയന്ത്രിതമായി തുടരുന്നു. രൂക്ഷമായ തൊഴിലില്ലായ്മയും ഉള്ള തൊഴിലിന് ശരിയായ കൂലി ലഭിക്കാത്തതും സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു എന്നും സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടത് ആത്മഹത്യകള്‍ പെരുകാന്‍ കാരണമായിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംയുക്ത ട്രേഡ് യൂണിയന് ചെയര്മാന് പി പി ആലി അധ്യക്ഷനായിരുന്നു. സിഐടിയു സംസ്ഥാന സെക്രട്ടറി പി കെ ഹരികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. വി വി ബേബി, സി മൊയ്തീന്‍കുട്ടി,പി കെ മൂര്‍ത്തി, കെ കെ ഹംസ,എന്‍ ഒ ദേവസ്യ,എന്ശിവരാമന്, പി വി സഹദേവന്,ബി സുരേഷ് ബാബു,കെ റഫീഖ്, സി എസ് സ്റ്റാലിന്, ഉസ്മാന് പി,കെ സുഗതന് ഗിരീഷ് കല്‍പ്പറ്റ, ഉമ്മര്‍ കുണ്ടാട്ടില്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, പി കെ അബൂ, ഡി രാജന്, ടി മണി,എ പോക്കര്, സി കെ നൗഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.