വാഷിങ്ടണ്‍: ശനിയാഴ്ച ഭൂമിക്ക് അരികിലൂടെ ഭീമാകാരമായ ഉല്‍ക്ക കടന്നുപോകും. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ പകുതി വ്യത്യാസത്തിലാണ് ഉല്‍ക്ക കടന്നുപോകുക എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2023 ഡിഇസഡ് ടു എന്ന് പേരിട്ടിരിക്കുന്ന ഉല്‍ക്ക, ഭൂമിക്ക് ഭീഷണി സൃഷ്ടിക്കുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാണ് ഭൂമിക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഇത് കടന്നുപോകുമെന്ന് എര്‍ത്ത്‌സ്‌കൈ എന്ന ശാസ്ത്രഗവേഷണ സ്ഥാപനം അറിയിച്ചു.
മണിക്കൂറില്‍ 28,044 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്ക സഞ്ചരിക്കുന്നത്. ഫെബ്രുവരിയിലാണ് ഉല്‍ക്ക ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ശനിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.21നാണ് ഉല്‍ക്ക ഭൂമിക്ക് അരികിലൂടെ കടന്നുപോകുക. ഭൂമിയില്‍ നിന്ന്് ഒരുലക്ഷത്തില്‍പ്പരം മൈലുകള്‍ക്ക് അപ്പുറത്തുകൂടിയാണ് ഉല്‍ക്ക കടന്നുപോകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
140-310 അടി വലിപ്പമുള്ളതാണ് ഉല്‍ക്ക. പത്തുവര്‍ഷം കൂടുമ്പോള്‍ ഒരു തവണ മാത്രമാണ് ഇത്തരത്തില്‍ ഭീമാകാരമായ ഉല്‍ക്കകള്‍ ഭൂമിക്ക് അരികിലൂടെ കടന്നുപോകുക. ഉത്തരാര്‍ധ ഗോളത്തിലുള്ളവര്‍ക്ക് ഉല്‍ക്ക ഒരു മിന്നല്‍ പോലെ കടന്നുപോകുന്നത് കാണാന്‍ സാധിക്കും. അപ്പോളോ വിഭാഗത്തില്‍പ്പെട്ടതാണ് ഉല്‍ക്ക.